Thursday, December 18, 2025

കോവിഡ് വാക്‌സിൻ എടുക്കാത്തവർ ജാഗ്രതൈ!!! കഴിഞ്ഞ രണ്ടര മാസത്തിനിടെയുണ്ടായ കോവിഡ് മരണങ്ങളിൽ 97 ശതമാനം പേരും വാക്‌സിൻ എടുക്കാത്തവർ; നിർണ്ണായക പഠന റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ച 97% പേരും ഒരു ഡോസ് വാക്‌സിൻ പോലും എടുക്കാത്തവരെന്ന് ആരോ​ഗ്യവകുപ്പിന്റെ പഠന റിപ്പോർട്ട്. കഴിഞ്ഞ രണ്ടര മാസത്തിനിടെ സംഭവിച്ച കോവിഡ് മരണങ്ങൾ സംബന്ധിച്ച് നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ജൂൺ 18 മുതൽ സെപ്റ്റംബർ മൂന്നുവരെയുള്ള കാലയളവിലെ മരണങ്ങളാണ് ആരോ​ഗ്യവകുപ്പ് പഠന വിധേയമാക്കിയത്. ഇതനുസരിച്ച് കോവിഡ് ബാധിച്ച് മരിച്ച 9,195 പേരിൽ 8,290 പേരും വാക്‌സിൻ ഒരു ഡോസ് പോലും എടുത്തിരുന്നില്ല. മുഖ്യമന്ത്രി തന്നെ നേരത്തെ വ്യക്തമാക്കിയത് അനുസരിച്ച് 9 ലക്ഷത്തിലേറെപ്പേർ വാക്‌സിൻ എടുക്കാൻ വിമുഖത കാട്ടുന്നു എന്നാണ്. നിലവിൽ കോവിഡ് ​ഗുരുതരമായി തീവ്രപരിചരണ വിഭാ​ഗങ്ങളിലും വെന്റിലേറ്ററുകളിലും കഴിയുന്ന 98ശതമാനം പേരും ഒരു ഡോസ് വാക്‌സിൻ പോലും എടുക്കാത്തവരാണെന്നും ആരോ​ഗ്യവകുപ്പിന്റെ പഠന റിപ്പോർട്ട് പറയുന്നു. വാക്‌സിൻ എടുത്തവരിൽ ആന്റിബോഡി ഉൽപാദനം നടക്കാത്ത രീതിയിൽ മറ്റ് ​ഗുരുതര രോ​ഗമുള്ളവരും ആരോ​ഗ്യാവസ്ഥ ​ഗുരുതരമായി ആശുപത്രികളിലുണ്ട്. എന്നാൽ ഇത് വെറും രണ്ട് ശതമാനം മാത്രമാണ്.

എന്നാൽ ആരോ​ഗ്യ വകുപ്പിന്റെ പഠന റിപ്പോർട്ട് അനുസരിച്ച് ഒരു ഡോസ് വാക്‌സിൻ മാത്രം എടുത്ത 700 പേരാണ് കോവിഡ് വന്ന് മരിച്ചത്. രണ്ട് ഡോസ് വാക്‌സിൻ എടുത്ത 200 പേരും മരിച്ചു. ഇവരിൽ ഭൂരിഭാ​ഗത്തിനും പ്രമേഹം , രക്ത സമ്മർദം,ഹൃദ്രോ​​ഗം, വൃക്കരോഗം ഉൾപ്പെടെ ​ഗുരുതര രോ​ഗങ്ങളുണ്ടായിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോ​ഗ്യവകുപ്പ് പറയുന്നത്.

അതേസമയം ഇക്കഴിഞ്ഞ രണ്ടരമാസക്കലയളവിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് തൃശൂരിലാണ്. ഇവിടെ മരിച്ചവരിൽ 1021 പേരും ഒരു ഡോസ് വാക്‌സിൻ പോലും എടുത്തിരുന്നില്ല. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ് , 130 പേരാണ് ഒരു ഡോസ് വാക്‌സിൻ പോലും എടുക്കാതെ ഇവിടെ കോവിഡ് ബാധിച്ചു മരിച്ചത്.

മറ്റു ജില്ലകളിലെ കണക്കുകൾ ചുവടെ:

തിരുവനന്ത‌പുരം 988, പാലക്കാട് 958, മലപ്പുറം 920,കോഴിക്കോട് 916,കൊല്ലം 849,എറണാകുളം 729, കണ്ണൂർ 598,കോട്ടയം 309,കാസർകോഡ് 233, ആലപ്പുഴ 282, പത്തനംതിട്ട 208, ഇടുക്കി 149 ഇങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.

Related Articles

Latest Articles