Monday, May 20, 2024
spot_img

നിപ വൈറസ്:സംസ്ഥാനത്ത് 311 പേര്‍ നിരീക്ഷണത്തില്‍: പനി ലക്ഷണങ്ങളുളളവര്‍ ആള്‍ക്കൂട്ടങ്ങളിലേക്ക് പോകരുത്

കൊച്ചി: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് 311 പേര്‍ നിരീക്ഷണത്തില്‍. പനിയുള്ള നാലുപേര്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്നുപേര്‍ നിപ രോഗിയെ പരിചരിച്ച നഴ്‌സുമാരാണ്. യുവാവിന്റെ സഹപാഠിയാണ് മറ്റൊരാള്‍. കേരളത്തിലെ ഇതരസംസ്ഥാനതൊഴിലാളി ക്യാമ്പുകളിലും നിരീക്ഷണം.

രോഗം ബാധിച്ച ഇരുപത്തിമൂന്നുകാരന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. യുവാവിനെ ശുശ്രൂഷിച്ച മൂന്ന് ആശുപത്രി ജീവനക്കാരടക്കം നാലു പേരില്‍ കൂടി പനി ലക്ഷണങ്ങള്‍ കണ്ടതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.

മണിപ്പാലിലെയും ആലപ്പുഴയിലെയും പരിശോധനാ ഫലങ്ങള്‍ക്കുള്ള സ്ഥിരീകരണമാണ് പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുണ്ടായത് . രോഗബാധിതനായ യുവാവിനെ ചികില്‍സിക്കുന്ന ആശുപത്രിയിലെ മൂന്നു ജീവനക്കാര്‍ക്കും അടുത്തിടപഴകിയ സുഹൃത്തിനുമാണ് പനി ബാധയുണ്ടായത്. ഇവരെ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശ പ്രകാരം ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇവരുടെ സ്രവപരിശോധനയ്ക്കു ശേഷം മാത്രമേ നിപ ബാധയുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാനാകൂ.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മുന്‍കരുതലെന്ന നിലയില്‍ പനി ലക്ഷണങ്ങളുളളവര്‍ ആള്‍ക്കൂട്ടങ്ങളിലേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ട്.

Related Articles

Latest Articles