മലപ്പുറം: നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ മൂന്നു കിലോമീറ്റർ ചുറ്റളവിലും. മാറാക്കര- എടയൂർ പഞ്ചായത്തുകളിലും നിയന്ത്രണമുണ്ടാകും. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രോഗബാധ സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയായ 42-കാരി വീട്ടിൽ നിന്ന് അധികം പുറത്ത് പോകാത്ത വ്യക്തിയായിരുന്നുവെന്നും ഇവർ എവിടെയൊക്കെ പോയിട്ടുണ്ടെന്ന് പരിശോധിക്കുന്നുണ്ടന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. അസ്വാഭാവിക മരണങ്ങളൊന്നും ജില്ലയിൽ ഉണ്ടായിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
“നിപ സംശയിച്ചതിനാൽ ആവശ്യമായ ചികിത്സ രോഗിക്ക് നേരത്തെ നൽകിയിരുന്നു. ഇവർക്ക് ആന്റിബോഡി നൽകും. വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ മൂന്നു കിലോമീറ്റർ ചുറ്റളവിലും. മാറാക്കര- എടയൂർ പഞ്ചായത്തുകളിലും നിയന്ത്രണമുണ്ടാകും. ജില്ലയിലാകെ എല്ലാവരും മാസ്ക് ധരിക്കണം. ഉറവിടത്തെ കുറിച്ച് വ്യക്തമായ വിവരമില്ല. ഹൈ റിസ്ക് കാറ്റഗറിയിൽ പെടുന്ന ഏഴ് പേരുടെ സാമ്പിൾ പരിശോധിച്ചതിൽ ഏഴും നെഗറ്റീവാണ്.”-ആരോഗ്യമന്ത്രി പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നാല് ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി യുവതി ചികിത്സയിലായിരുന്നു.
നിപ ഹെല്പ് ലൈൻ -0483 2736 20, 2736376

