കൊച്ചി: നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില മെച്ചപ്പെട്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. യുവാവ് ഭക്ഷണം കഴിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് ചെറിയ പനിമാത്രമേ ഉള്ളുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
നിപ്പയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മൃഗങ്ങളില്‍ നിപ്പയ്ക്ക് സമാനമായ രോഗ ലക്ഷണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നും ആരോഗ്യ വകുപ്പ് പുറത്തുവിട്ട ഹെല്‍ത്ത് ബുള്ളറ്റിനിലും വ്യക്തമാക്കുന്നു.
എറണാകുളം വടക്കന്‍പറവൂര്‍ സ്വദേശിയായ 23കാരനാണ് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചത്. പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിശോധനയിലാണു രോഗ സ്ഥിരീകരണം. രോഗം കണ്ടെത്തിയ യുവാവുമായി സന്പര്‍ക്കം പുലര്‍ത്തിയിരുന്ന 311 പേര് നിരീക്ഷണത്തിലാണ്.

