Sunday, May 19, 2024
spot_img

ജനനന്മക്കായി പദ്ധതികളുടെ പെരുമഴക്കാലം; മൂന്നാം സാമ്പത്തിക പാക്കേജിൽ കരുത്തോടെ, കരുതലോടെ നിർമ്മലാ സീതാരാമൻ

ദില്ലി: കോവിഡ് സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. രാജ്യത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് അത്മനിർഭർ ഭാരത് റോസ്‍ഗർ യോജന എന്ന പുതിയ പദ്ധതിയും മൂന്നാം സാമ്പത്തിക പാക്കേജിനൊപ്പം ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. 12 പുതിയ കാര്യങ്ങളാണ് ഇന്നത്തെ പ്രഖ്യാപനത്തില്‍ ധനമന്ത്രി ഉൾപ്പെടുത്തിയത്. പുതിയ പദ്ധതിയായ അത്മനിർഭർ ഭാരത് റോസ്‍ഗർ യോജനക്ക് ഒക്ടോബർ ഒന്നുമുതലാണ് പ്രാബല്യമുള്ളത്. ഈ പദ്ധതിപ്രകാരം ജോലിയിൽ പ്രവേശിക്കുന്ന ആൾക്ക് കേന്ദ്രം ഇൻസെന്റീവ് നൽകും. ആയിരത്തില്‍ താഴെ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളുടെയും പ്രോവിഡന്റ് ഫണ്ട് വിഹിതം സര്‍ക്കാര്‍ നല്‍കും. ജീവനക്കാരുടെ വിഹിതത്തിനൊപ്പം സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ അടയ്ക്കും. 15,000-ല്‍ താഴെ ശമ്പളമുള്ള എല്ലാ ജീവനക്കാരുടെയും വിഹിതമായിരിക്കും രണ്ടുവര്‍ഷത്തേക്ക് ഇത്തരത്തില്‍ നല്‍കുക.

അന്‍പത് പേരില്‍ കൂടുതലുള്ള സ്ഥാപനമാണെങ്കില്‍ കുറഞ്ഞത് അഞ്ചുപേര്‍ക്കെങ്കിലും തൊഴില്‍ നല്‍കണമെന്ന നിബന്ധന ബാധകമാണ്. ചെറുകിട സംരംഭകരുടെയും സ്ഥാപനങ്ങളുടെയും വായ്പ ഗ്യാരന്റി പദ്ധതി അടുത്തവര്‍ഷം മാര്‍ച്ചുവരെ നീട്ടും. ഇതിനകം രണ്ടുലക്ഷം കോടി രൂപയുടെ വായ്പകള്‍ ഈ പദ്ധതി വഴി നല്‍കിക്കഴിഞ്ഞുവെന്ന് നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.

ആരോഗ്യമേഖലയും മറ്റ് 26 സെക്ടറുകളെയും ഉള്‍പ്പെടുത്തി ക്രഡിറ്റ് ഗ്യാരണ്ടി സപ്പോര്‍ട്ട് സ്‌കീം പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കാവുന്ന രീതിയില്‍ ഈട് രഹിത വായ്പയായാണ് അനുവദിക്കുക. ഇതില്‍ ഒരുവര്‍ഷം മൊറട്ടോറിയം കാലാവധിയും നാലുവര്‍ഷം തിരിച്ചടവ് കാലാവധിയുമായിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 50 കോടി രൂപമുതല്‍ 500 കോടി രൂപവരെയാകും പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. 2021 മാര്‍ച്ച് 31വരെയാകും പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുക.

വീടുകൾ വാങ്ങുന്നവർക്ക് കൂടുതൽ ആദായനികുതി ഇളവും പ്രഖ്യാപിച്ചു. രാസവള സബ്സിഡിക്കായി 65000 കോടി പ്രഖ്യാപിച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് 10000 കോടി രൂപ കൂടി അനുവദിച്ചു. നഗരങ്ങളിലെ ഭവന നിർമ്മാണ മേഖലയ്ക്കായി 18,000 കോടി അധികമായി അനുവദിച്ചു. പതിനെട്ട് ലക്ഷത്തോളം വീടുകളുടെ നിർമ്മാണത്തിനായാകും ഈ തുക വിനിയോഗിക്കുക. ഇതിലൂടെ തൊഴിൽ അവസരങ്ങൾ കൂടുതൽ ഉണ്ടാവുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. നികുതി നൽകുന്നവർക്കായി ആദായ നികുതി വകുപ്പ് ഇതിനോടകം 1,32,800 കോടി രൂപ റീഫണ്ട് നൽകിയതായും ധനമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 39.7ലക്ഷം പേർക്കാണ് ഈ തുക വിതരണം ചെയ്തത്. ഒരു രാഷ്ട്രം ഒരു റേഷൻ കാർഡ് പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും 28 സംസ്ഥാനങ്ങളിലാക്കി 68.8 കോടി ജനങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Latest Articles