ബെംഗളൂരു: ക്ലാസ് മുറിയിൽ കുട്ടികൾക്ക് നിസ്‌കാരത്തിന് അനുമതി (Niskaram In School) നൽകിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. കർണാടകയിലെ കോളാർ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. സ്‌കൂളിലെ പ്രധാനാധ്യാപികയുടെ വിവാദ അനുമതിക്കെതിരെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എല്ലാ വെളളിയാഴ്ചകളിലും കുട്ടികൾക്ക് ക്ലാസ് മുറിയിൽ നിസ്‌കരിക്കാൻ അനുമതി നൽകിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.
മുൾബാഗൽ സോമേശ്വര പാളയബലെ ചെങ്കപ്പ ഗവൺമെന്റ് കന്നഡ മോഡൽ ഹയർ പ്രൈമറി സ്‌കൂളിലാണ് സംഭവം. പബ്ലിക് ഇൻസ്ട്രക്ഷൻ ഡെപ്യൂട്ടി ഡയറക്ടർ രെവാന സിദ്ധപ്പയോട് സ്‌കൂൾ സന്ദർശിക്കാനും സ്‌കൂളിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുളള വിശദമായ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനുമാണ് ജില്ലാ അധികൃതർ നിർദ്ദേശിച്ചത്. എന്നാൽ നിസ്‌കാരത്തിന് താൻ അനുമതി നൽകിയിട്ടില്ലെന്നും കുട്ടികൾ സ്വമേധയാ അങ്ങനെ ചെയ്യുകയായിരുന്നെന്നുമാണ് പ്രധാനാധ്യാപികയായ ഉമാ ദേവിയുടെ പ്രതികരണം.നിസ്‌കാര സമയത്ത് താൻ സ്‌കൂളിൽ ഉണ്ടായിരുന്നില്ലെന്നും ഇവർ പറയുന്നു. സംഭവം ബ്ലോക്ക് എഡ്യുക്കേഷൻ ഓഫീസർ വിളിച്ച് അറിയിച്ച ഉടൻ താൻ സ്‌കൂളിലേക്ക് ഓടിയെത്തുകയായിരുന്നെന്നും അവർ പറഞ്ഞു. എന്നാൽ സംഭവത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടോയെന്ന് ഉൾപ്പെടെയുളള കാര്യങ്ങൾ അന്വേഷണ വിധേയമാക്കും.
പല സ്ഥലങ്ങളിലും പൊതുസ്ഥലത്തെ നിസ്‌കാരത്തിന് പിന്നിൽ തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പൊതുസ്ഥലങ്ങളിലെ നമസ്‌കാരത്തിനെതിരെ കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ അടുത്തിടെയും വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഉപ്പിനങ്ങാടി പോലീസ് സ്‌റ്റേഷനിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ നടത്തിയ പരസ്യ നിസ്‌കാരവും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ സ്കൂളിലും ഇത്തരത്തിലൊരു സംഭവം നടന്നിരിക്കുന്നത്.

