ദില്ലി: 1990കളിൽ കാശ്മീരിലെ ഹിന്ദു ജനതക്ക് എന്താണ് സംഭവിച്ചത് എന്ന് ലോകത്തെ അറിയിക്കുന്ന ചലച്ചിത്രമാണ് “ദി കാശ്മീർ ഫയൽസ് “. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമാക്കി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായത്തിന്റെ അധികമാരും അറിയാത്ത നേർച്ചിത്രം തുറന്നു കാട്ടിയ കശ്‌മീർ ഫയൽസ് എന്ന ചിത്രം ഭാവി തലമുറയുടെ ഉണർത്തു പാട്ടാകുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.
ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരും നടീനടന്മാരും പങ്കെടുത്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യത്തെ ജനങ്ങളിലേക്ക് ശരിയായ ചരിത്രം എത്തുന്നില്ലല്ലെന്നും, എന്നാൽ കശ്മീർ ഫയൽസിൽ വിവേക് അഗ്നിഹോത്രി ചരിത്രത്തെ സത്യസന്ധമായി ആവിഷ്കരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നല്ല ഭാവി രൂപീകരിക്കുന്നതിൽ ചരിത്രം സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥ ചിത്രീകരിച്ചതിലൂടെ ഭാവി തലമുറയെ ഉണർത്തുക എന്ന കർത്തവ്യമാണ് അഗ്നിഹോത്രി ചെയ്തിരിക്കുന്നതെന്ന് നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി. ചിത്രത്തെ എതിർക്കുന്നവർ മറുപടി അർഹിക്കുന്നില്ലെന്ന് കശ്മീർ ഫയൽസിൽ പ്രധാന വേഷം ചെയ്ത നടൻ അനുപം ഖേർ പറഞ്ഞു. ചിത്രം സ്വീകരിക്കേണ്ടവർ സ്വീകരിച്ചു കഴിഞ്ഞുവെന്നും താൻ അതിൽ കൃതാർഥനാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയെച്ചൊല്ലി വിവാദങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി രംഗത്ത് വന്നിരുന്നു. സിനിമയുടെ പേരിൽ ബിജെപിയെ കുറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ അദ്ദേഹം വിമർശിക്കുകയും ഇപ്പോൾ പ്രതിപക്ഷത്തുള്ള പല രാഷ്‌ട്രീയ പാർട്ടികളും സിനിമയിലൂടെ കുപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘1990ൽ അധികാരത്തിലിരുന്ന രാഷ്‌ട്രീയ പാർട്ടി കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിനെതിരെ ശബ്ദമുയർത്തിയിട്ടില്ല. താൻ കശ്മീർ അക്രമത്തിന്റെ ദൃക്സാക്ഷിയാണ്. മധ്യപ്രദേശ് നേതാക്കളായ കേദാർനാഥ് സാഹ്നി, ആരിഫ് ബെയ്ഗ് എന്നിവരോടൊപ്പം താൻ കശ്മീരിലേക്ക് പോയി. അവിടത്തെ സ്ഥിതിഗതികൾ സംബന്ധിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് സമർപ്പിച്ചു.
ആ കാലഘട്ടത്തിലെ ഭരണം സ്ഥിതിഗതികൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു. തങ്ങളുടെ സംഘം കശ്മീരിലെ അക്രമത്തിന് ഇരയായവരെ കണ്ടിരുന്നു.’ അവരെ രക്ഷിക്കാൻ സർക്കാർ എന്താണ് ചെയ്യുന്നതെന്ന് ഞങ്ങൾ ചിന്തിക്കാറുണ്ടായിരുന്നു. ഭൂതകാലത്തെക്കുറിച്ചുള്ള നിഷ്പക്ഷമായ അറിവിലേക്ക് നയിച്ച ചരിത്രസംഭവങ്ങളെക്കുറിച്ച് അജ്ഞരായി തുടരാനാണ് ആളുകൾ ഇപ്പോഴും താൽപ്പര്യം’- അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ഭാവിയിൽ ഇത്തരം ചരിത്ര സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പാഠം ജനങ്ങൾ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

