Wednesday, January 7, 2026

ക്രൈം ഡേറ്റാ ബേസില്‍ ഊരാളുങ്കലിന് പ്രവേശനാനുമതിയില്ലെന്ന് ഡിജിപി

തിരുവനന്തപുരം: പോലീസ് ക്രൈം ഡേറ്റാ ബേസില്‍ പ്രവേശിക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇക്കാര്യം വ്യക്തമാക്കി ഡിജിപി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവിന്റെ പകര്‍പ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

കൊച്ചി അഡീഷണല്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സമിതിയാണ് പാസ്‌പോര്‍ട്ട് പരിശോധനയ്ക്കുള്ള പുതിയ അപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ തയാറാക്കി നല്‍കിയത്. ഇതിനായി സോഫ്റ്റ്വയര്‍ പരിശോധിക്കുന്നതിന് പോലീസ് ക്രൈം ഡേറ്റാ ബേസിന് സമാനമായ സാഹചര്യം ഊരാളുങ്കലിന് സൃഷ്ടിച്ചു നല്‍കുകയായിരുന്നുവെന്നും ക്രൈം ഡേറ്റാ ബേസില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നില്ലെന്നും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച് ആദ്യം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തതക്കുറവ് ഉണ്ടായിരുന്നതിനാല്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചുവെന്നാണ് ഡിജിപിയുടെ വിശദീകരണം. പോലീസ് ക്രൈം ഡേറ്റാ ബേസില്‍ പ്രവേശിക്കാന്‍ ചുമതലപ്പെടുത്തിയവര്‍ക്ക് മാത്രമേ അവകാശമുള്ളൂ എന്നാണ് പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

പാസ്‌പോര്‍ട്ട് പരിശോധനയ്ക്കുള്ള സോഫ്റ്റ്വയര്‍ തയാറാക്കാന്‍ പോലീസ് ഡേറ്റാ ബേസിലെ വിവരങ്ങള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കാനുള്ള തീരുമാനം നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി നടപടി.

Related Articles

Latest Articles