Friday, May 3, 2024
spot_img

ചർച്ചകളിൽ ഇന്ത്യയെ നിർബന്ധിക്കാനുള്ള ഉപകരണമാക്കി തീവ്രവാദത്തെ മാറ്റാൻ ആരെയും അനുവദിക്കില്ല; പാകിസ്ഥാനെ പരോക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

സൈപ്രസ് : ചർച്ചാ മേശയിൽ ഇന്ത്യയെ നിർബന്ധിക്കുന്നതിനുള്ള ഒരു ഉപകരണമായി തീവ്രവാദത്തെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പേരെടുത്ത് പരാമർശിച്ചില്ലെങ്കിലും അദ്ദേഹം ഉന്നം വച്ചത് പാകിസ്ഥാനെ തന്നെയാണെന്ന് വ്യക്തമാണ്.

സൈപ്രസിലെ ഇന്ത്യൻ പ്രവാസികളുമായി സംസാരിക്കവെയാണ് അദ്ദേഹം പരാമർശം നടത്തിയത് , ഇന്ത്യ അയൽ രാജ്യങ്ങളുമായി നല്ലബന്ധം കാത്തു സൂക്ഷിക്കാനാണ് ആഗ്രഹിക്കുന്നത്.എന്നാൽ നല്ല അയൽബന്ധങ്ങൾ പുലർത്തുന്നതിന്റെ പേരിൽ ഒരിക്കലും ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ കണ്ണടയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ അതിർത്തികളിൽ വെല്ലുവിളികൾ നേരിടുന്നുണ്ട്. കോവിഡ് കാലഘട്ടത്തിൽ അവ കൂടുതൽ രൂക്ഷമായി. യഥാർത്ഥ നിയന്ത്രണരേഖ (എൽഎസി) ഏകപക്ഷീയമായി മാറ്റാനുള്ള ഒരു ശ്രമവും ഇന്ത്യ അംഗീകരിക്കില്ല,അതിനാൽ ദേശീയ സുരക്ഷ കൂടി മുൻനിർത്തിയുള്ള വിദേശനയമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളതെന്നും അതിൽ ഉറച്ചു നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൈപ്രസുമായി ഇന്ത്യ 3 കരാറുകളിൽ ചർച്ച നടത്തുന്നുണ്ട് – പ്രതിരോധ പ്രവർത്തന സഹകരണം, കുടിയേറ്റം, ഇരു രാജ്യങ്ങളിലെയും ആളുകളുടെ നിയമപരമായ സഞ്ചാരം സുഗമമാക്കുന്നതിന് മൊബിലിറ്റി കരാർ, അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം സംബന്ധിച്ച കരാർ, ഇന്ത്യ വികസിച്ചതിന്റെ ഫലമാണ് ആഗോള ജോലിയിടങ്ങൾ എന്ന ചിന്ത. ഇന്ത്യക്കാർ എവിടെയൊക്കെ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടോ, അവിടെയെല്ലാം ഇന്ത്യൻ സർക്കാരും ഇന്ത്യൻ ഭരണകൂടവും അവർക്കായി ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .

Related Articles

Latest Articles