Monday, June 3, 2024
spot_img

മറ്റുള്ള മതങ്ങളിലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും ആരും ഒന്നും പറയില്ല; ആർക്കും അതിനുള്ള ധൈര്യവുമില്ല !

ഹൈന്ദവ വിശ്വാസത്തെ പരിഹസിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ ഇപ്പോഴും പ്രതിഷേധം കനക്കുകയാണ്. നിരവധിപേരാണ് സ്പീക്കർ മാപ്പു പറയണമെന്നാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോഴിതാ, ഇതിനെതിരെ പരസ്യമായി പ്രതികരിച്ചുകൊണ്ട് രംഗത്തെത്തുകയാണ് നടൻ ഉണ്ണി മുകുന്ദൻ. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് രൂക്ഷമായി പ്രതികരിച്ചുകൊണ്ട് താരം രംഗത്തെത്തിയിരിക്കുന്നത്.

ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു. ഇന്നലെ അയ്യപ്പൻ, നാളെ കൃഷ്ണൻ, മറ്റന്നാൾ ശിവൻ, ഇതെല്ലാം കഴിഞ്ഞ് നിങ്ങൾ മിത്താണെന്ന് പറയുമെന്ന് ഉണ്ണി മുകുന്ദൻ തുറന്നടിച്ചു. പഠിച്ചതൊക്കെ ഗുജറാത്തിലാണെങ്കിലും നമ്മുടെ അമ്പലങ്ങളും ആഘോഷങ്ങളുമായി ജീവിച്ച വ്യക്തിയാണ് ഞാൻ. അവിടെ വിഗ്രഹം വീട്ടിൽ എത്തിച്ച് വലിയ ആരവത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിച്ചിരുന്നത്. എന്നാൽ കേരളത്തിൽ നാം കുറച്ച് സൈലന്റായാണ് ആഘോഷിക്കുന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

അതേസമയം, കുട്ടിക്കാലം മുതൽ മനസിൽ കൊണ്ടു നടന്ന ദൈവം ഇല്ല എന്ന് പറയുമ്പോൾ ഇവിടെ ആർക്കും ഒരു വിഷമവുമില്ല. ഇത് നമ്മുടെ വലിയ മനസാണെന്നും വലിയ പോരായ്മയാണെന്നും പറയാം. എന്നാൽ, മറ്റ് മതങ്ങളെ കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ ആർക്കും ഒന്നും പറയാൻ സാധിക്കില്ല. അതിന് ഒരു ധൈര്യം പോലുമില്ല. ഏറ്റവും കുറഞ്ഞത് അത്തരത്തിലെങ്കിലും നമ്മൾ മുന്നോട്ട് പോകണമെന്നും അല്ലാതെ ഈ ആഘോഷങ്ങളൊക്കെ നടത്തുന്നതിൽ അർത്ഥമില്ലെന്നും താരം വ്യക്തമാക്കി. ഇനിയെങ്കിലും ഇത്തരം വിഷയത്തിൽ, കുറഞ്ഞത് നിങ്ങൾക്ക് വിഷമം ഉണ്ടായെന്നെങ്കിലും പറയണമെന്നും ഉണ്ണിമുകുന്ദൻ അഭിപ്രായപ്പെട്ടു. കൂടാതെ, കേരളത്തിലെ എല്ലാ ഹിന്ദുക്കളും വിശ്വാസികളാണെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നും എല്ലാ ഹിന്ദു വിശ്വാസികൾക്കുമുള്ള ഏറ്റവും വലിയ പ്രശ്‌നം അവർക്ക് ഭയങ്കര പേടിയാണ്. അവർ ഒട്ടും നട്ടെല്ലില്ലാത്ത ആൾക്കാരായി മാറി. ഇന്ത്യ എന്ന രാജ്യത്ത് ആർക്കും എന്തു പറയാം, അതാണ് ഈ രാജ്യത്തിന്റെ ഭംഗി. പക്ഷേ ഇത് ആർക്ക് വേണ്ടിയാണു പറയുന്നത്, ആരാണ് കേൾക്കുന്നത് എന്ന് നമ്മൾ ചിന്തിക്കണമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

Related Articles

Latest Articles