വായ്പാ തിരിച്ചടവ് മുടങ്ങുന്ന ഉപഭോക്താക്കളെ ബാങ്കുകളും റിക്കവറി ഏജൻസികളും പീഡിപ്പിക്കുന്നത് തടയാൻ കർശന നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഭീഷണിപ്പെടുത്തൽ, അസമയത്തുള്ള ഫോൺ വിളികൾ, സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യ എന്നിവ പൂർണ്ണമായി നിരോധിച്ചുകൊണ്ട് സമഗ്രമായ വായ്പ വീണ്ടെടുക്കൽ ചട്ടക്കൂട് ആർബിഐ പുറത്തിറക്കി. 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങൾ ലംഘിക്കുന്ന ഏജൻസികൾക്കും ബാങ്കുകൾക്കും എതിരെ കർശന നടപടിയുണ്ടാകും.
പുതിയ നിയമപ്രകാരം രാവിലെ എട്ട് മണിക്ക് ശേഷവും വൈകുന്നേരം ഏഴ് മണിക്ക് മുമ്പും മാത്രമേ വായ്പ തിരിച്ചടവിനായി ഉപഭോക്താക്കളെ ഫോണിൽ ബന്ധപ്പെടാനോ നേരിട്ട് സന്ദർശിക്കാനോ പാടുള്ളൂ. അടിയന്തിര സാഹചര്യങ്ങളിലോ ഉപഭോക്താവ് പ്രത്യേക സമയം ആവശ്യപ്പെടുകയോ ചെയ്താൽ മാത്രമേ ഈ സമയപരിധിക്ക് പുറത്ത് ബന്ധപ്പെടാൻ അനുമതിയുള്ളൂ. മരണവീടുകൾ, ആശുപത്രി സന്ദർശനങ്ങൾ, വിവാഹ ചടങ്ങുകൾ തുടങ്ങിയ വൈകാരികമായ സന്ദർഭങ്ങളിൽ റിക്കവറി നടപടികൾ പൂർണ്ണമായി ഒഴിവാക്കണം. കൂടാതെ അജ്ഞാത നമ്പറുകളിൽ നിന്നുള്ള ഭീഷണി വിളികൾ, വീടുകളിലും ജോലിസ്ഥലങ്ങളിലും നേരിട്ടെത്തി പരസ്യമായി അപമാനിക്കൽ, കടക്കാരുടെ വ്യക്തിവിവരങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കൽ എന്നിവ പൂർണ്ണമായും വിലക്കിയിട്ടുണ്ട്.
ബാങ്ക് ഏജന്റുമാരുടെ നേരിട്ടുള്ള സന്ദർശനങ്ങളിലും ആർബിഐ വ്യക്തത വരുത്തിയിട്ടുണ്ട്. ആദ്യമായി ഉപഭോക്താവിനെ നേരിട്ട് കാണാൻ എത്തുന്നതിന് ഒരു ദിവസം മുമ്പെങ്കിലും വിവരമറിയിക്കണം. തിരിച്ചറിയൽ കാർഡും ബാങ്കിന്റെ നോട്ടിസും ഏജൻസിയുടെ വിശദാംശങ്ങളും സഹിതം മാത്രമേ ഏജന്റുമാർക്ക് ഉപഭോക്താവിനെ സമീപിക്കാനാകൂ. വാട്സ്ആപ്പ്, ഫോൺ സംഭാഷണങ്ങൾ തുടങ്ങിയവയുടെ റെക്കോർഡുകൾ കുറഞ്ഞത് ആറുമാസമെങ്കിലും ബാങ്കുകൾ സൂക്ഷിക്കണം. ഏജൻസികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിയമവിരുദ്ധ പെരുമാറ്റങ്ങൾക്ക് വായ്പ നൽകിയ ബാങ്കുകൾക്കായിരിക്കും പൂർണ്ണ ഉത്തരവാദിത്തം.
വായ്പ വഴി വാങ്ങിയ സ്മാർട്ട്ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്ടോപ്പുകൾ എന്നിവ ഇഎംഐ മുടങ്ങുമ്പോൾ റിമോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് പൂട്ടിയിടുന്നതിനും കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. തിരിച്ചടവ് മുടങ്ങി 30 ദിവസത്തിന് ശേഷം മാത്രമേ ഭാഗികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താവൂ. 60 ദിവസം പൂർത്തിയായാൽ മാത്രമേ ഉപകരണം പൂർണ്ണമായി ലോക്ക് ചെയ്യാൻ പാടുള്ളൂ. എന്നാൽ ഇത്തരത്തിൽ ഉപകരണം ലോക്ക് ചെയ്താലും ഇൻകമിംഗ് കോളുകൾ, എസ്എംഎസ്, അടിയന്തിര ഫോൺ വിളികൾ, ജോലി സംബന്ധമായ പ്രധാന സേവനങ്ങൾ എന്നിവ തടയാൻ പാടില്ല. തിരിച്ചടവ് പൂർത്തിയാക്കി ഒരു മണിക്കൂറിനുള്ളിൽ ഫോണിന്റെ നിയന്ത്രണം ഉപഭോക്താവിന് തിരികെ നൽകണം. ഇതിൽ വീഴ്ച വരുത്തിയാൽ വൈകുന്ന ഓരോ മണിക്കൂറിനും 250 രൂപ വീതം ബാങ്ക് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്നും റിസർവ് ബാങ്ക് നിർദ്ദേശിക്കുന്നു.

