Monday, May 20, 2024
spot_img

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു ; ബെന്‍ എസ് ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ് എച്ച് ഡൗബ്വിഗ് എന്നിവര്‍ക്കാണ് പുരസ്ക്കാരം

സാമ്പത്തിക ശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനം കരസ്ഥമാക്കി യു എസ്. മൂന്ന് സാമ്പത്തിക വിദഗ്ധര്‍ക്കാണ് പുരസ്ക്കാരം ലഭിച്ചത് . ബെന്‍ എസ് ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ് എച്ച് ഡൗബ്വിഗ് എന്നിവര്‍ക്ക് പുരസ്ക്കാരം പ്രഖ്യാപിച്ചത്.

ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിനാണ് ഇവർ നോബേലിന് അര്‍ഹരായത്. സമ്മാന തുകയായ 23.85 കോടി രൂപ ഡിസംബര്‍ 10ന് കൈമാറും.

മറ്റ് ശാസ്ത്രശാഖകളിൽ നിന്ന് വ്യത്യസ്തമായി സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്‌കാരം ആല്‍ഫ്രെഡ് നൊബേലിന്റെ സ്മരണക്കായി സ്വീഡിഷ് കേന്ദ്ര ബാങ്കാണ് നല്‍കിവരുന്നത്.

മൂന്ന് പുരസ്‌കാര ജേതാക്കളും സമ്പദ് വ്യവസ്ഥയില്‍ ബാങ്കുകളുടെ പങ്കിനെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ധാരണകളെ ഗണ്യമായി മെച്ചപ്പെടുത്തിയെന്ന് സമിതി വിലയിരുത്തി. സാമ്പത്തിക പ്രതിസന്ധികളില്‍ ബാങ്കുകളുടെ തകര്‍ച്ചയെ ഒഴിവാക്കാന്‍ ഗവേഷകര്‍ കണ്ടെത്തിയ നിരീക്ഷണങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് സമിതി കണ്ടെത്തി.

1980-കളുടെ തുടക്കത്തില്‍ ബെന്‍ എസ് ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ് എച്ച് ഡൗബ്വിഗ് എന്നിവരാണ് ഈ ഗവേഷണത്തിന് അടിത്തറ പാകിയത്. സാമ്പത്തിക വിപണികളെ നിയന്ത്രിക്കുന്നതിലും സാമ്പത്തിക പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതിലും പഠനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് നൊബേല്‍ പ്രഖ്യാപനത്തില്‍ പറയുന്നു.

1953ല്‍ യുഎസിലെ ജോര്‍ജിയയില്‍ ജനിച്ച ബെന്‍ എസ് ബെര്‍നാങ്കെ, കേംബ്രിജിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് 1979ല്‍ പിഎച്ച്ഡി നേടി. നിലവില്‍ വാഷിങ്ടന്‍ ഡിസിയിലെ ദി ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റിയൂഷനിലെ ഇക്കണോമിക് സ്റ്റഡീസ് വിഭാഗത്തിലെ സീനിയര്‍ ഫെലോ ആണ്.

1953ല്‍ ജനിച്ച ഡഗ്ലസ് ഡബ്ല്യു ഡയമണ്ട് യേല്‍ സര്‍വകലാശാലയില്‍ നിന്ന് 1980ല്‍ പിഎച്ച്ഡി നേടി. നിലവില്‍ ഷിക്കാഗോ സര്‍വകലാശാലയിലെ ഫിനാന്‍സ് പ്രൊഫസറാണ്.

1955ല്‍ ജനിച്ച ഫിലിപ്പ് എച്ച് ഡൗബ്വിഗ് യേല്‍ സര്‍വകലാശാലയില്‍നിന്ന് 1979ല്‍ പിഎച്ച്ഡി നേടി. നിലവില്‍ വാഷിങ്ടന്‍ സര്‍വകലാശാലയിലെ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് പ്രൊഫസറാണ്

Related Articles

Latest Articles