ചാവക്കാട്: കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന പുതുവീട്ടിൽ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യ ആസൂത്രകൻ പിടിയിൽ. കൊലപാതകത്തിന് നേതൃത്വം നൽകിയ പുന്ന സ്വദേശി കാരി ഷാജിയെന്ന ജമാലാണ് പിടിയിലായത്. തമിഴ് നാട്ടിലേക്ക് കടന്ന പ്രതിയെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് കണ്ടെത്താനായത്.
ഇതോടെ നൗഷാദ് വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
കേസിൽ അറസ്റിലായവരെല്ലാം എസ് ഡി പി ഐയുടെ സജീവപ്രവർത്തകരാണ്. എസ് ഡി പി ഐ പ്രവർത്തകൻ എടക്കഴിയൂർ നാലാംകല്ല് തൈപ്പറമ്പിൽ മുബിൻ (26), പോപ്പുലർ ഫ്രണ്ടിന്റെ മന്ദലാംകുന്ന് ഏരിയാ പ്രസിഡന്റ് പുന്നയൂർ അവിയൂർ വാലിപറമ്പിൽ ഫെബീർ (30), ജില്ലാ കമ്മിറ്റി അംഗം ചെറുതുരുത്തി വെട്ടിക്കാട്ടിരി ഇരക്കാട്ടിൽ മുഹമ്മദ് മുസ്തഫ (37), ചാവക്കാട് ഡിവിഷൻ മുൻ പ്രസിഡന്റ് പാലയൂർ കരിപ്പയിൽ ഫാമിസ് (42), ഗുരുവായൂർ കോട്ടപ്പടി തോട്ടത്തിൽ ഫൈസൽ (37) എന്നിവരാണ് കേസിൽ നേരത്തേ അറസ്റ്റിലായത്.
ജൂലായ് 30-നാണ് പുന്ന സെന്ററിൽവെച്ച് ബൈക്കുകളിലെത്തിയ സംഘം നൗഷാദ് ഉൾപ്പെടെ നാലുപേരെ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ നൗഷാദ് പിറ്റേന്ന് രാവിലെ മരിച്ചു.

