ദില്ലി: രാജ്യത്തെ യൂണികോണുകളുടെ എണ്ണം നൂറു കടന്നതായും ഈ യൂണിറ്റുകളുടെ ആകെ മൂല്യം 25 ലക്ഷം കോടി രൂപയിലെത്തിയതായും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് രാജ്യം നേടിയ ഈ നേട്ടം അദ്ദേഹം പങ്കുവച്ചത്. ഈ 100 യൂണികോണുകളിൽ 44 എണ്ണവും കഴിഞ്ഞ വർഷം ആരംഭിച്ചവയാണ്. അത് മാത്രമല്ല ഈ വർഷം 4 മാസം കൊണ്ട് 14 യൂണികോണുകളാണ് പുതുതായി രജിസ്റ്റർ ചെയ്തത്. ഇന്ത്യന്‍ യൂണികോണുകളുടെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് യു.എസ്.എ., യു.കെ. തുടങ്ങി മറ്റ് പല രാജ്യങ്ങളേക്കാളും കൂടുതലാണ്. വരും വര്‍ഷങ്ങളില്‍ ഈ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നും വിശകലന വിദഗ്ദ്ധര്‍ പറയുന്നു. നമ്മുടെ യൂണികോണുകള്‍ വൈവിധ്യവത്ക്കരിക്കപ്പെടുന്നു എന്നതും നല്ലവാർത്തയാണെന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞത് ഏഴായിരത്തഞ്ഞൂറ് കോടിയുടെ മൂല്യമുള്ള സ്റ്റാർട്ടപ്പുകളാണ് യൂണികോണുകൾ എന്ന് വിളിക്കുന്നത്. രാജ്യത്തെ ഉൽപ്പാദനം വർധിപ്പിക്കുന്നതിനും തൊഴിലില്ലായ്‌മ ഇല്ലാതാക്കുന്നതിനും സ്റ്റാർട്ടപ്പുകൾ സുപ്രധാന പങ്കവഹിക്കുന്നുണ്ട്. ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ വന്‍നഗരങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. ചെറുപട്ടണങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും സംരംഭകര്‍ ഉയര്‍ന്നുവരുന്നു. ഇന്ത്യയില്‍ നൂതനാശയമുള്ള ഒരാള്‍ക്ക് സമ്പത്ത് സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഇത് കാണിക്കുന്നു. ഇകൊമേഴ്‌സ്, ഫിന്‍ടെക്, എഡ്‌ടെക്, ബയോടെക് തുടങ്ങി നിരവധി മേഖലകളില്‍ സ്റ്റാർട്ടപ്പുകൾ മികച്ച പ്രവർത്തനം നടത്തുന്നു. രാജ്യത്തിന്റെ ഈ വിജയത്തിന് പിന്നില്‍ രാജ്യത്തിന്റെ യുവശക്തി. പ്രതിഭ, രാജ്യത്തെ ഗവണ്മെന്റ് എല്ലാവരും ഒരുമിച്ച് പരിശ്രമിക്കുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

