ഈദ്ഗാഹ് : ഉത്തർപ്രദേശിലെ ഈദ്ഗാഹിൽ ദേശീയ ഗാനത്തെ അപമാനിച്ചതിന് മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
ദേശീയ ഗാനം ആലപിക്കുമ്പോൾ മൂന്ന് യുവാക്കൾ നൃത്തം ചെയ്യുന്ന വീഡിയോ അതിവേഗമാണ് വൈറലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരിൽ രണ്ടു പേർ അദ്‌നാൻ, റൂഹൽ എന്നിവരാണെന്ന് തിരിച്ചറിഞ്ഞതായി റെയിൽവേ റോഡ് പോലീസ് വ്യക്തമാക്കി. മൂന്ന് യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും അദ്നാനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായും പോലീസ് പറഞ്ഞു.
29 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, കറുത്ത ജാക്കറ്റ് ധരിച്ച ഒരു യുവാവ് സല്യൂട്ട് അർപ്പിക്കുകയും തുടർന്ന് അശ്ലീല നൃത്തം ചവിട്ടുകയുമായിരുന്നു. മറ്റു രണ്ടുപേരും പൊട്ടിച്ചിരിക്കുകയാണ്. ഇത് ദേശീയ ഗാനത്തോടുള്ള അവഹേളനമാണെന്നും പ്രതികൾക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ജാഗരൺ മഞ്ചിന്റെ മുൻ സിറ്റി പ്രസിഡന്റ് സച്ചിൻ സിരോഹി രംഗത്തു വന്നു.

