Saturday, September 26, 2026

ഭക്ഷണത്തിന്റെ വിലയെ കുറിച്ചും രുചിയെ കുറിച്ചും തര്‍ക്കിച്ചു; ഹോട്ടലിൽ കഴിക്കാനെത്തിയ 48 കാരന്റെ മേലില്‍ തിളച്ച എണ്ണ ഒഴിച്ച്‌ ഹോട്ടലുടമ

ഒഡീഷ: ഭക്ഷണത്തിന്റെ ഗുണത്തെ കുറിച്ചുള്ള തർക്കത്തെ തുടർന്ന് കഴിക്കാനെത്തിയ ആളുടെ മേലില്‍ തിളച്ച എണ്ണ ഒഴിച്ച്‌ ഹോട്ടലുടമ. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലാണ് സംഭവം. ഉടമയും ഭക്ഷണം കഴിക്കാനെത്തിയ ആളും വിലയെപ്പറ്റിയും ഭക്ഷണത്തിന്റെ രുചിയെപ്പറ്റിയും തര്‍ക്കമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് ഉടമ തിളച്ച എണ്ണ ഒഴിച്ചു. സംഭവത്തില്‍ 48 കാരനായ ഉപഭോക്താവിന് ഗുരുതരമായി പൊള്ളലേറ്റു.

കട്ടക്കില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കുകിഴക്കായി ബാലിചന്ദ്രപൂര്‍ ഗ്രാമത്തിലെ താമസക്കാരനായ പ്രസന്‍ജിത് പരിദക്കാണ് പരിക്കേറ്റത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഇയാള്‍ ഭക്ഷണം കഴിക്കാന്‍ പ്രാദേശിക മാര്‍ക്കറ്റിലെ ഭക്ഷണശാലയിലേക്ക് പോയപ്പോഴാണ് സംഭവമുണ്ടായതെന്ന് പൊലീസ്
വ്യക്തമാക്കി.

തനിക്ക് വിളമ്പിയ ഭക്ഷണത്തിന്റെ രുചിയെക്കുറിച്ച്‌ ഉടമയോട് കഴിക്കാനെത്തിയ ആൾ പരാതിപ്പെട്ടു. പിന്നീട് ഭക്ഷണത്തിന്റെ വിലയെ ചൊല്ലി ഉപഭോക്താവും ഉടമയും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രകോപിതനായ ഉടമ തിളച്ച എണ്ണ ഒഴിച്ചു. മുഖത്തും കഴുത്തിലും നെഞ്ചിലും വയറിലും കൈകളിലും ഗുരുതരമായി പൊള്ളലേറ്റ പരിദയെ കട്ടക്കിലെ എസ്സിബി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

Related Articles

Latest Articles