Sunday, May 19, 2024
spot_img

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; മൂന്നര വർഷത്തിന് ശേഷം പ്രതികളിലൊരാൾ പിടിയിൽ; മുഖ്യപ്രതിക്കായി തിരച്ചിൽ പുരോഗമിക്കുന്നു

രാമനാട്ടുകര: സർക്കാർ മെഡിക്കൽ കോളേജിൽ എംബിബിഎസ് നൽകാമെന്ന വ്യാജേനെ 16 ലക്ഷം വാങ്ങി മുങ്ങിയ പ്രതികളിലൊരാൾ പിടിയില്‍. മൂന്നര വർഷത്തിന് ശേഷം ഗുജറാത്തില്‍ നിന്നാണ് ഫറോക്ക് പോലീസ് പ്രതിയെ പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയായ ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ മഹ്‌വ താലൂക്കിൽ ആനവാൽ സ്വദേശി ഈശ്വർഭായ് ഗുലാഭായ് പട്ടേലാണ്‌ (57) പിടിയിലായത്.

2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊൽക്കത്തയിലെ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ എംബിബിഎസ് സീറ്റ് തരപ്പെടുത്തിത്തരാമെന്ന വാഗ്ദാനവുമായി രണ്ടുപേർ രാമനാട്ടുകര സ്വദേശി രാജനെ ബന്ധപ്പെട്ടു. ഇത് സത്യമാണെന്ന് ബോധ്യപ്പെടുത്താനായി വ്യാജതെളിവുകളും പ്രൂഫുകളും ഇവർ കാണിക്കുകയും ചെയ്തു. സീറ്റിനായി 16.25 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഇത് മൂന്നുഘട്ടങ്ങളിലായി രാജൻ നൽകുകയും ചെയ്തു. ആ വർഷത്തെ അഡ്മിഷൻ കഴിഞ്ഞിട്ടും സീറ്റ് ലഭിക്കാതെ വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരമറിയുന്നത്. പിന്നീടിവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ പോലീസിൽ പരാതി നൽകുകയായിരുന്നു.

തങ്ങളെ കണ്ടുപിടിക്കാതിരിക്കാനായി അക്കൗണ്ട് നമ്പറും ഐഎഫ്എസ് സി. കോഡും മാറ്റിയാണ് പ്രതികൾ നൽകിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇതുതിരിച്ചറിഞ്ഞതോടെ അക്കൗണ്ടുള്ള ബാങ്ക് ഗുജറാത്തിലെ ആനവാൽ ബ്രാഞ്ചാണെന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ എസ്എച്ച്ഒ ഹരീഷിന്റെ നിർദേശപ്രകാരം ഇവരെത്തേടി അന്വേഷണോദ്യോഗസ്ഥൻ എസ് അനൂപും സിപിഒ അനീഷും ഗുജറാത്തിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഒന്നാം പ്രതിക്കായി അന്വേഷണം പുരോഗമിക്കുന്നുണ്ട്.

Related Articles

Latest Articles