ദില്ലി: മന്ത്രിയായുള്ള സേവനം അവസാനിപ്പിച്ച ശേഷവും ഔദ്യോഗിക വസതി ഒഴിയാന്‍ വിസമ്മതിക്കുന്ന മുന്‍ കേന്ദ്രമന്ത്രി മാര്‍ക്കു മുന്നില്‍ മാതൃകകാട്ടി മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഔദ്യോഗികവസതി ഒഴിഞ്ഞു. സെന്‍ട്രല്‍ ഡല്‍ഹിയിലെ സഫ്ദാര്‍ജങ് ലെയിനില്‍ എട്ടാം നമ്പര്‍ വസതിയിലാണ് സുഷമ താമസിച്ചിരുന്നത്. ഇവിടെനിന്ന് താമസം മാറുന്ന കാര്യം ശനിയാഴ്ച ട്വിറ്ററിലൂടെയാണ് സുഷമ പങ്കുവച്ചത്.
ഒന്നാം മോദി സര്‍ക്കാരിലെ ഏറ്റവും ജനപ്രിയരായ മന്ത്രിമാരില്‍ ഒരാളായിരുന്നു സുഷമ. ട്വിറ്ററിലൂടെയുള്ള സഹായാഭ്യര്‍ഥനകള്‍ക്ക് അടിയന്തര പരിഗണനയും സുഷമ നല്‍കിയിരുന്നു. ആരോഗ്യകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുഷമ മത്സരിക്കാതിരുന്നത്.
ഔദ്യോഗിക വസതി ഒഴിഞ്ഞ കാര്യം ട്വീറ്റിലൂടെ അറിയിച്ച സുഷമയ്ക്ക് ആശംസകളുമായി നടന്‍ അനുപം ഖേര്‍ ഉള്‍പ്പെടെ നിരവധിപേരാണ് എത്തിയത്. വിദേശകാര്യമന്ത്രി എന്ന നിലയില്‍ മികച്ചപ്രകടനമായിരുന്നു സുഷമ നടത്തിയതെന്ന് അവര്‍ ട്വീറ്റുകളിലൂടെ പറഞ്ഞു. ഔദ്യോഗികവസതി ഒഴിഞ്ഞുവെങ്കിലും നിങ്ങള്‍ ഞങ്ങളുടെ ഹൃദയത്തില്‍ വസിക്കുന്നുവെന്നും അനുപം ഖേര്‍ അഭിപ്രായപ്പെട്ടു.

