റിയാദ്: സൗദി അറേബ്യയിലെ ആരാംകോയില് എണ്ണ ഉല്പാദന കേന്ദ്രത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് എണ്ണ ഉത്പാദനം പകുതിയായതോടെ ഇന്ധനവില കുത്തനെ കൂടി. അസംസ്കൃത എണ്ണവില 20 ശതമാനം വര്‍ധിച്ചു. ബാരലിന് 70 ഡോളര്‍ വരെ എത്തി. 80 ഡോളര്‍ വരെ വില വര്‍ധിക്കാനാണ് സാധ്യത. 28 വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണിത്.2014ല്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 140 ഡോളര്‍ വരെ എത്തിയിരുന്നു.
ഹൂതികളുടെ ഡ്രോണ്‍ ആക്രമണത്തില്‍ തീപിടിത്തമുണ്ടായതോടെ സൗദിയിലെ പ്രധാന എണ്ണക്കമ്പനിയായ അരാംകോ എണ്ണ ഉത്പാദനം നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. സൗദിയിലെ എണ്ണ ഉത്പാദനം പകുതിയായി കുറഞ്ഞതും വിലകൂടിയതും ഇന്ത്യയെയും സാരമായി ബാധിക്കും. ദിവസേന 50 ലക്ഷം ബാരല്‍ എണ്ണ പമ്പു ചെയ്യാന്‍ ശേഷിയുള്ള 1200 കിലോമീറ്റര്‍ നീളമുള്ള പ്രധാന പൈപ്പ്ലൈനിനു നേരെയായിരുന്നു ആക്രമണം. ഇതിലൂടെയുള്ള എണ്ണ പമ്പിങ് താല്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.