ദില്ലി: രാജ്യത്ത് കോവിഡ് രോഗികൾ (Covid India) കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,987 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 7,141 പേർ രോഗമുക്തി നേടി. 75,841 പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്. 98.40 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതുവരെ രോഗം ബാധിച്ച 3.42 കോടിയാളുകൾക്ക് സുഖം പ്രാപിച്ചു. കഴിഞ്ഞ ദിവസമുണ്ടായ 315 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണ സംഖ്യ 4,79,997 ആയി.
അതേസമയം 24 മണിക്കൂറിനിടെ 32.9 ലക്ഷം വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത വാക്സിൻ ഡോസുകൾ 141.37 കോടിയായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാൽ രാജ്യത്തെ ഒമിക്രോൺ കേസുകൾ 578 ആയി ഉയർന്നിരിക്കുകയാണ്. ഇതിൽ 151 പേർക്കും ഒമിക്രോൺ നെഗറ്റീവായി.
ദില്ലിയിലാണ് ഏറ്റവും അധികം ഒമിക്രോൺ ബാധിതരുള്ളത്. 142 രോഗികളാണ് ദില്ലിയിലുള്ളത്. മഹാരാഷ്‌ട്ര-141, കേരളം-57, ഗുജറാത്ത്-49, രാജസ്ഥാൻ-43 എന്നിങ്ങിനെയാണ് ഒമിക്രോൺ ബാധിതകർ ഏറ്റവും അധികമുള്ള സംസ്ഥാനങ്ങളുടെ കണക്ക്. ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനിടെ രാജ്യത്തെ ആരോഗ്യപ്രവർത്തവർക്കും 60 വയസിന് മുകളിലുള്ള രോഗികളായവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ജനുവരി 10 മുതലാണ് ബൂസ്റ്റർ ഡോസ് വാക്‌സിൻ നൽകി തുടങ്ങുകയെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

