തിരുവനന്തപുരം: കേരളത്തിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു. യു.കെയിൽ നിന്നും എത്തിയ എറണാകുളം സ്വദേശിയിലാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
തിരുവനന്തുപരം രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലും ദില്ലിയിലും സാംപിൾ പരിശോധന നടത്തിയാണ് കേരളത്തിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ആറാം തിയതി കൊച്ചിയിലെത്തിയ ആൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ആദ്യം നടത്തിയ പരിശോധനയിൽ നെഗറ്റീവായിരുന്നുവെങ്കിലും എട്ടാം തീയതി നടത്തിയ ടെസ്റ്റിലാണ് അദ്ദേഹം പൊസീറ്റിവായത്.
ഇയാൾ വന്ന വിമാനത്തിലുണ്ടായിരുന്ന സഹയാത്രികരെ വിവരം അറിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ ഭാര്യയേയും അമ്മയേയും കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാംപിൾ പരിശോധന ഫലം കാത്തിരിക്കുകകയാണ്. ഇദ്ദേഹത്തിൻ്റെ ഭാര്യ മാതാവ് നിലവിൽ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ചയാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.
രാജ്യത്ത് ഇന്ന് മറ്റ് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂർ ആന്ധ്രപ്രദേശ്, ചണ്ഡീഗഡ് കർണാടക എന്നിവിടങ്ങളിലാണ് ഇന്ന് ഓരോ കേസുകൾ വീതം റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 38 ആയി.

