Tuesday, September 22, 2026

ഇന്ത്യയിലെ ആദ്യ ഒമിക്രോൺ മരണം മലയാളിയുടേത്; പൂണൈയിൽ നിന്നാണ് മരണം റിപ്പോർട്ട് ചെയ്തത്

മുംബൈ: ഒമിക്രോൺ കാരണമുള്ള ഇന്ത്യയിലെ ആദ്യത്തെ മരണം പാലക്കാട് കോങ്ങാട് സ്വദേശിയുടേത്. പൂണൈ ചിഞ്ച്വാഡിലെ സ്ഥിരം താമസക്കാരനായ 52 കാരനാണ് ഡിസംബര്‍ 28 ന് പിംപ്രി യശ്വന്ത് റാവു ചവാന്‍ ആശുപത്രിയില്‍ വെച്ച് മരിച്ചത്. ഡിസംബര്‍ 12 നാണ് ഇദ്ദേഹം നൈജീരിയയില്‍ നിന്ന് വന്നത്. നൈജീരിയയില്‍ നിന്ന് വന്ന സമയത്ത് നടത്തിയ പരിശോധനകളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. തുടര്‍ന്ന് ഇദ്ദേഹം ചിഞ്ച്വാഡിലുള്ള വീട്ടിലേക്ക് വരികയായിരുന്നു.

എന്നാല്‍ ഡിസംബര്‍ 17 ന് നെഞ്ചുവേദനയെത്തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. 13 വര്‍ഷമായി ഇദ്ദേഹം പ്രമേഹ ബാധിതനായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ഡിസംബര്‍ 30 ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നു വന്ന ഇദ്ദേഹത്തിന്റെ സാംപിള്‍ പരിശോധന ഫലത്തിലാണ് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. പരിശോധന ഫലം പുറത്തു വരുന്നതിന് രണ്ട് ദിവസം മുമ്പ് ഇദ്ദേഹം മരണപ്പെട്ടിരുന്നു. അന്ന് തന്നെ ഭട്ട് നഗര്‍ ശ്മശാനത്തില്‍ സംസ്‌കാരവും നടത്തി.

Related Articles

Latest Articles