ഹൈദരാബാദ്: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നു. ആന്ധ്രപ്രദേശിലും ഒമിക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു. അയര്‍ലന്‍ഡ് സന്ദര്‍ശിച്ച് എത്തിയ 34 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. നവംബര്‍ 27നാണ് ഇയാള്‍ മുംബൈ വഴി വിശാഖപട്ടണം വിമാനത്താവളത്തില്‍ എത്തിയത്.
ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. മാത്രമല്ല, ഇയാള്‍ വിമാനത്താവളത്തില്‍ വെച്ച് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന ഫലം നെഗറ്റീവുമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. വിശാഖപട്ടണത്ത് വച്ച് വീണ്ടും പരിശോധന നടത്തുമ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്. നിലവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
അതേസമയം ഇതുവരെ, വിദേശത്ത് നിന്നും ആന്ധ്രയിലെത്തിയ പതിനഞ്ച് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന ആറാമത്തെ സംസ്ഥാനമാണ് ആന്ധ്ര. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 35 ആയി. കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്ത് ഒമിക്രോണിന്റെ രണ്ടാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍ എന്നിവയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ച മറ്റ് സംസ്ഥാനങ്ങള്‍.
രാജ്യത്ത് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും മഹാരാഷ്ട്രയിലാണ്. 17 പേരിൽ ഒമിക്രോൺ കണ്ടെത്തിയതോടെ മഹാരാഷ്ട്രയില്‍ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. മുംബൈ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര കൂടാതെ രാജസ്ഥാൻ, ദില്ലി, ഗുജറാത്ത്, കർണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്.
വിവാഹം, ആഘോഷ പരിപാടികള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും രാത്രികാല കര്‍ഫ്യൂ അടക്കമുള്ള നടപടികള്‍ കര്‍ക്കശമാക്കാനുമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കേരളം അടക്കം പത്തു സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം.
ടിപിആർ ഉയർന്ന 27 ജില്ലകളിൽ കേരളത്തിലെ ഒമ്പത് ജില്ലകളുമുണ്ട്. കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം , എറണാകുളം, കണ്ണൂർ, തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളാണ് പട്ടികയിൽ ഉള്ളത്. ജനങ്ങൾ മാസ്ക് ധരിക്കുന്നതിൽ അലംഭാവം കാണിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തത് അപകടം വിളിച്ചുവരുത്തുമെന്നും ആരോഗ്യമന്ത്രാലയം ഓർമ്മിപ്പിച്ചു.

