ദില്ലി: ഒമിക്രോണിന്റെ തീവ്രവ്യപനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് ലോകാരോഗ്യസംഘടന (WHO).
ലോകത്ത് ഒമിക്രോൺ (Omicron Spread) വ്യാപനം വളരെ വേഗത്തിലാണെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും, ഡബ്ള്യൂഎച്ച്ഒ അറിയിച്ചു. നിലവിൽ 77 രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ലോകാരോഗ്യസംഘടന കണക്കുകൾ സഹിതം വ്യക്തമാക്കി. ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെദ്രോസ് അദ്‌നോം ഗബ്രിയേസസ് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഒമിക്രോൺ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്.
അതുകൊണ്ടുതന്നെ ലോകരാജ്യങ്ങൾ ജാഗ്രത പുലർത്തണമെന്നും, ഒമിക്രോൺ ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത രാജ്യങ്ങളിൽ പോലും രോഗബാധയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. രോഗം ഗുരുതരമാകാനുളള സാധ്യത കുറവാണെങ്കിലും വേണ്ടത്ര തയ്യാറെടുപ്പുകൾ ഇല്ലെങ്കിൽ ആരോഗ്യസംവിധാനങ്ങളെ അട്ടിമറിക്കാനുളള സാദ്ധ്യത വലുതാണെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ബൂസ്റ്റർ ഡോസുകളുടെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിൽ പോലും ചില രാജ്യങ്ങൾ ബൂസ്റ്റർ ഡോസുകൾ നൽകാൻ തീരുമാനമെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കോവിഡ് വ്യാപനത്തിന്റെ (Covid Spread) ആദ്യഘട്ടത്തിൽ ഉണ്ടായതുപോലെ വാക്‌സിൻ പൂഴ്‌ത്തിവെയ്പ് ഉൾപ്പെടെയുളള പ്രവണതകളിലേക്ക് ഇത് വഴിവയ്ക്കുമോയെന്ന ആശങ്കയും ലോകാരോഗ്യസംഘടന ഇതോടൊപ്പം പങ്കുവെച്ചു.

