കോഴിക്കോട്: കോവിഡ് 19-ന്‍റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഒമിക്രോൺ കേരളത്തിലുമെത്തിയോ എന്ന് പരിശോധന. യുകെയിൽ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തിന്‍റെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.
ഇദ്ദേഹത്തിന് പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകളിലായി നാല് ജില്ലകളിലുള്ളവർ ഉണ്ടെന്നാണ് കോഴിക്കോട് ഡിഎംഒ ഒമർ ഫാറൂഖ് വ്യക്തമാക്കുന്നത്. 21നാണ് ഇയാൾ യു.കെയിൽ നിന്ന് എത്തിയത്. 26ന് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചു.
ഇയാള്‍ക്ക് സംസ്ഥാനത്തെ നാല് ജില്ലകളിലുള്ളവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി ഈ ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. കായംകുളത്തും എറണാകുളത്തും ഇയാള്‍ പോയിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് പരിശോധനാ സാമ്പിള്‍ ശേഖരിച്ച് അയച്ചത്. ഇതിന്റെ ഫലം ഉടന്‍ ലഭ്യമാകുമെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചു. ഇദ്ദേഹം ഫൈസര്‍ വാക്‌സിന്റെ രണ്ട് ഡോസും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിട്ടുണ്ട്.
നിലവില്‍ ഈ ഡോക്ടര്‍ക്കോ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കോ ഗുരുതരമായ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല.
എന്നാല്‍ കൊറോണ സ്ഥിരീകരിച്ച് എട്ട് ദിവസമായിട്ടും അസുഖം ഭേദമാകാത്ത സാഹചര്യത്തിലാണ് ജനിതക പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇയാളുടെ അമ്മയ്‌ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. ഇവര്‍ക്കും കാര്യമായ ലക്ഷണങ്ങളില്ല.

