Tuesday, January 6, 2026

സഞ്ചാരികളേ ഇതിലേ ഇതിലേ ….പാലൊഴുകും പോലൊരു പാലരുവി

ഏതെങ്കിലുമൊരു വെള്ളച്ചാട്ടത്തിന് കീഴില്‍ നല്ലൊരു കുളിരാര്‍ന്ന കുളി പാസാക്കാന്‍ ഇഷ്ടമില്ലാത്തവരുണ്ടോ? ഏത് മാനസിക സംഘര്‍ഷങ്ങള്‍ക്കും അയവേകും വിധം മനോഹരവും പരിശുദ്ധവുമായ ഒരു ജലസ്‌നാനം. കോവിഡ് കാലമായതിനാല്‍ സംസ്ഥാനം വിട്ടുള്ള യാത്രകള്‍ തെരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. അത്തരത്തിലൊരു ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ ഒന്നും നോക്കാനില്ല കൊല്ലം ജില്ലയിലെ ഇക്കോടൂറിസം പദ്ധതിയില്‍ ഉള്‍പ്പെട്ട പാലരുവി തന്നെയാണ് നല്ലത്. പാലരുവിക്ക് ഒരു രാജ ചരിത്രവും പറയാനുണ്ട്. രാജഭരണക്കാലത്ത് തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ഒഴിവുകാലം ആസ്വദിക്കാന്‍ ഇവിടെയെത്തിരുന്നു.

പാലരുവിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ ഇവിടെയെത്തിയ അവര്‍ നിര്‍മ്മിച്ച കല്‍മണ്ഡപങ്ങള്‍ അതിനു സാക്ഷികളാണ്. മനുഷ്യസ്പര്‍ശമേല്‍ക്കാത്ത ഉള്‍ക്കാടുകളില്‍ നിന്നും ഒഴുകിയെത്തുന്ന പാലൂപോലെയുള്ള അരുവിയായതുകൊണ്ടാകും ഇതിനെ പാലരുവി എന്നു വിളിക്കുന്നത്.കാട്ടിനകത്തെ ഈ വെള്ളച്ചാട്ടത്തിലേക്ക് എത്തണമെങ്കില്‍ നാലുകി.മീ യാത്ര ചെയ്യേണ്ടതുണ്ട്. അതിനായി വനംവകുപ്പിന്റെ ബസ് റെഡിയാണ്. കുട്ടികള്‍ക്ക് 25 രൂപയും മുതിര്‍ന്നവര്‍ക്ക് 50 രൂപയുമാണ് ഫീസ്.

ഉള്‍ക്കാട്ടിലൂടെയുള്ള യാത്രയും ആസ്വദിച്ച് ജലപാതം വരെ ബസില്‍ യാത്ര ചെയ്യാം. പോകുന്ന വഴി അപൂര്‍വ്വയിനം ചിത്രശലഭങ്ങളും സിംഹവാലന്‍ കുരങ്ങ് അടക്കമുള്ള വന്യജീവികളെയും ഭാഗ്യമുണ്ടെങ്കില്‍ കാണാം.മൂന്നൂറ് അടി ഉയരത്തില്‍നിന്നുമാണ് ഈ വെള്ളച്ചാട്ടം ഭുമിയില്‍ പതിയ്ക്കുന്നത്. ഇങ്ങനെ ശക്തമായി വെള്ളം വീണീടം ഇപ്പോള്‍ വലിയൊരു ജലായശമായി രൂപം കൊണ്ടിരിക്കുന്നു. അപകടസാധ്യത തീരെയില്ലാത്തതിനാല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇവിടെയിറങ്ങാം.

വെള്ളച്ചാട്ടത്തിനോട് ചേര്‍ന്ന് തന്നെയാണ് കല്‍മണ്ഡപവും കുതിരലായവും ഒക്കെ സ്ഥിതിചെയ്യുന്നത്. 16 കാല് മണ്ഡപമൊക്കെ ഇവിടെയുണ്ടായിരുന്നുവത്രേ. എന്നാല്‍ 93ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ അതൊക്കെ നശിച്ചുപോയി. ശരിക്കും ആ വെള്ളപ്പൊക്കത്തിന്റെ ബാക്കി അവശേഷിപ്പുകളാണ് ഈ കാണുന്നവയൊക്കെ. ഇവിടുത്തെ മറ്റൊരു ആകര്‍ഷണം 125 വര്‍ഷം പഴക്കമുള്ള തേക്കാണ്. മാത്രമല്ല ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കായി ചെറിയ രീതിയില്‍ ട്രെക്കിംഗും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഉള്‍ക്കാട്ടിലേ്ക്ക് 2 കിലോമീറ്റര്‍ മാത്രമാണ് ട്രക്കിംഗ് സാധ്യമാകു.

രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയാണ് സന്ദര്‍ശന സമയം. യാത്രയ്ക്ക് വേണ്ട വെള്ളവും ഭക്ഷണവും കയ്യില്‍ കരുതണം. വെള്ളച്ചാട്ടം ഉള്‍ക്കാട്ടിലാതുകൊണ്ട് കടളകളോ മറ്റു സൗകര്യങ്ങളോ ലഭിക്കില്ല. കോവിഡ് ആയതിനാല്‍ പ്രവേശനം ഉണ്ടോ എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം പുറപ്പെടുക.

പാലരുവിയുമായി ബന്ധപ്പെട്ട ഏത് അന്വേഷണങ്ങള്‍ക്കും വനംവകുപ്പിന്റെ പാലരുവി ഇക്കോ ടൂറിസം ഓഫീസുമായി ബന്ധപ്പെടാം. നമ്പര്‍- 0475-2211200.

Related Articles

Latest Articles