ഇടുക്കി: കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. എരുമേലി ചെമ്പത്തുങ്കൽ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒഴുക്കില്‍പെട്ട് കാണാതായ കൊക്കയാര്‍ സ്വദേശിനി ആന്‍സിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹം കാണാതായ ആനന്‍സിയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ടെത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അതേസമയം വെള്ളിയാഴ്ചയുണ്ടായ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും പീരുമേട് താലൂക്കില്‍ മാത്രം തകര്‍ത്തത് 774 വീടുകളാണ്. കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രഥമിക വിലയിരുത്തല്‍. പീരുമേട് താലൂക്കിൽ വീടു നഷ്ടപ്പെട്ട 461 കുടുംബങ്ങളിലെ 1561 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്.

