പാറ്റ്‌ന : ബിഹാറിൽ രാഹുൽ ഗാന്ധി നയിച്ച ‘വോട്ടർ അധികാർ യാത്ര’യ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ദർഭംഗ ജില്ലയിലെ സിങ്‌വാര സ്വദേശിയായ മുഹമ്മദ് റിസ്‌വി (20) ആണ് പിടിയിലായത്. സംഭവത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധം ശക്തമാക്കി.
ദർഭംഗയിൽ നടന്ന പരിപാടിക്കിടെ, വേദിയിൽ നിന്ന് ചിലർ മോദിക്ക് നേരെ ഹിന്ദിയിൽ അധിക്ഷേപ പരാമർശം നടത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ദർഭംഗ ജില്ലാ ബി.ജെ.പി പ്രസിഡന്റ് ആദിത്യ നാരായൺ ചൗധരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
സംഭവം നടക്കുമ്പോൾ രാഹുൽ ഗാന്ധിയും മറ്റ് ഉന്നത നേതാക്കളും വേദിയിൽ ഉണ്ടായിരുന്നില്ലെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചത്. എന്നാൽ, ഈ വിഷയത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംഭവത്തെ ജനാധിപത്യത്തിന്മേലുള്ള കളങ്കമാണെന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു. ഇത്തരം നടപടികൾ അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ഈ യാത്ര കോൺഗ്രസിന്റെ ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിരുന്നു. എന്നാൽ, ഈ സംഭവത്തോടെ യാത്ര വിവാദങ്ങളുടെ നിഴലിലായിരിക്കുകയാണ്.

