കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന സിസി ടീവി ദൃശ്യങ്ങളിൽ നിന്ന് കാർ ഏറെ നേരം നിർത്തിയിട്ടിരുന്നുവെന്ന് വ്യക്തമാണ്.
തീ ആളിക്കത്തുന്നത് കണ്ട് ആളുകൾ ഓടിയെത്തിയെങ്കിലും കാറിന്‍റെ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. സംഭവം അറിഞ്ഞ് ഉടൻതന്നെ ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തി. തീ ആളിപ്പടരുന്നതിനാൽ പരവൂരിൽനിന്ന് അഗ്നിരക്ഷാ സേനയെത്തിയ ശേഷമാണ് തീ അണയ്ക്കാൻ സാധിച്ചത്. അപ്പോഴേക്കും ഡ്രൈവിങ് സീറ്റിലിരുന്നയാൾ മരിച്ചിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്‍റെ നിഗമനം. ചിറക്കറ തട്ടാരുകോണം സ്വദേശിയാണ് മരിച്ചതെന്നാണ് സംശയം. ശരീരം പൂർണമായും കത്തിക്കരിഞ്ഞതിനാൽ ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ മരിച്ചതാരെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പോലീസ് അധികൃതർ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

