Monday, May 20, 2024
spot_img

ഡിജിപിയുടെ പേരിൽ അധ്യാപികയിൽ നിന്നും 14 ലക്ഷം തട്ടിയ സംഭവം: നൈജീരിയക്കാരൻ ദില്ലിയിൽ അറസ്റ്റിൽ

തിരുവനന്തപുരം: പോലീസ് മേധാവി (DGP) അനിൽകാന്ത് ഐപിഎസിന്‍റെ പേരിൽ ഓൺലൈൻ പണം തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശി പിടിയിൽ. റൊമാനസ് ചിബൂച്ചി എന്നയാളാണ് ഡൽഹി ഉത്തംനഗർ ആനന്ദ് വിഹാറിൽ നിന്ന് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് പ്രതിയെ പിടികൂടിയത്.

ഡിജിപി അനിൽ കാന്തിന്‍റെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കിയ ഇവർ കൊല്ലം സ്വദേശിനിയായ അധ്യാപികയിൽ നിന്നും ഹൈ ടെക് രീതിയിലാണ് പണം തട്ടിയത്. ഓണ്‍ ലൈൻ ലോട്ടറി അടിച്ചുവെന്ന് വിശ്വസിപ്പിച്ചാണ് അധ്യാപികയിൽ നിന്നും ഇവർ 14 ലക്ഷം തട്ടിയത്.

സമ്മാനത്തുക നൽകുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നൽകണമെന്ന് ഹൈ ടെക് സംഘം സന്ദേശമയച്ചു. സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോള്‍ പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമാണ്. ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കിൽ നിയമ നടപടി നേരിടുമെന്നും ഡിജിപിയുടെ ചിത്രം വച്ച് വാട്സ് ആപ്പ് സന്ദേശത്തിൽ പറഞ്ഞിരുന്നു. ഡിജിപിയുടെന്ന പേരിലുള്ള സന്ദേശത്തിൽ താൻ ഇപ്പോള്‍ ദില്ലയിലാണെന്നും അറിയിച്ചു. ഇതോടെ സംശയം തീർക്കാനായി അധ്യാപിക പോലീസ് ആസ്ഥാനത്തേക്ക് വിളിക്കുകയായിരുന്നു. പോലീസ് ആസ്ഥാനത്ത് നിന്നും ഡിജിപി ഡൽഹിയിലാണുള്ളതെന്ന മറുപടി ലഭിച്ചതോടെ സന്ദേശം അയച്ചത് ഡിജിപി ആണെന്ന് ഉറപ്പിച്ച് അധ്യാപിക തട്ടിപ്പ് സംഘത്തിന് പണം കൈമാറുകയായിരുന്നു.

Related Articles

Latest Articles