സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധി മൂലം, ക്രിസ്മസ് – പുതുവത്സര ചന്തകളിൽ 13 ഇനം സബ്സിഡി സാധനങ്ങൾക്കു കടുത്ത ക്ഷാമം. വൻപയർ, തുവരപ്പരിപ്പ്, പഞ്ചസാര, വൻകടല, പച്ചരി തുടങ്ങിയവ പലയിടത്തും ഇല്ല. കഴിഞ്ഞ തവണ എല്ലാ ജില്ലയിലും നടത്തിയ ക്രിസ്മസ് ചന്തകൾ, ഇത്തവണ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ മാത്രമാണ്.
മുൻപ് സാധനങ്ങൾ നൽകിയ വകയിൽ വിതരണക്കാർക്ക് 630 കോടിയിലേറെ രൂപ കുടിശിക നൽകാനുണ്ട്. അതിനാൽ ക്രിസ്മസ് ചന്തകളെ ലക്ഷ്യമിട്ടു സപ്ലൈകോ ടെൻഡർ ക്ഷണിച്ചെങ്കിലും ആരും പങ്കെടുത്തില്ല. പിന്നീട് വിതരണക്കാരുമായി ചില ചർച്ചകൾ നടത്തിയാണ് ഇപ്പോൾ സാധനങ്ങൾ എത്തിക്കുന്നത്.
തിരുവനന്തപുരം: പഞ്ചസാര, പച്ചരി, കുറുവ അരി, കടല, വൻ പയർ, ഉഴുന്ന് എന്നിവ ഇല്ല. മുളക്, മല്ലി, ചെറുപയർ, തുവരപ്പരിപ്പ്, അരി, വെളിച്ചെണ്ണ എന്നിവ ഉണ്ടെങ്കിലും ആവശ്യപ്പെടുന്ന അളവിലും കുറച്ചാണു നൽകുന്നത്.
കൊല്ലം: ചെറുപയർ, വെളിച്ചെണ്ണ, തുവരപ്പരിപ്പ്, മല്ലി എന്നീ സബ്സിഡി ഉൽപന്നങ്ങളാണുള്ളത്. അരി, ഉഴുന്ന് എന്നിവ ഇന്ന് എത്തുമെന്നും മറ്റുള്ളവ വരുംദിവസങ്ങളിൽ എത്തുമെന്നും ജീവനക്കാർ പ്രതീക്ഷിക്കുന്നു.
പത്തനംതിട്ട: പഞ്ചസാര ഒഴികെയുള്ള 12 സബ്സിഡി ഇനങ്ങളും ഇന്നലെ രാത്രിയോടെ വിതരണത്തിനെത്തി.
കോട്ടയം: വെളിച്ചെണ്ണ, മല്ലി, അരി എന്നിവ മാത്രമാണു സബ്സിഡി ഇനങ്ങളിൽ സ്റ്റോക്കുള്ളത്.
എറണാകുളം: കഴിഞ്ഞ ദിവസം വരെ തുവരപ്പരിപ്പ്, മല്ലി, വെളിച്ചെണ്ണ എന്നീ സബ്സിഡി സാധനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നലെ ചെറുപയർ, ഉഴുന്ന്, കടല, മുളക്, മട്ട അരി, ജയ അരി എന്നിവ കൂടിയെത്തി.
തൃശൂർ: ആദ്യദിവസം ഉണ്ടായിരുന്ന അരി, പയർ, വെളിച്ചെണ്ണ, മല്ലി എന്നിവയ്ക്കു പുറമേ ഉഴുന്നു മാത്രമാണ് ഇന്നലെ കൂടുതലായി ഉണ്ടായിരുന്നത്. ആദ്യദിവസം സാധനങ്ങൾ ഇല്ലാതെ ആളുകൾ രോഷാകുലരായതിനെത്തുടർന്ന് ഉദ്ഘാടന ചടങ്ങിനെത്തിയ മേയർ എം.കെ.വർഗീസും എംഎൽഎ പി.ബാലചന്ദ്രനും ഇറങ്ങിപ്പോയിരുന്നു.

