Thursday, September 24, 2026

ഓപ്പറേഷൻ ഗംഗ പുരോഗമിക്കുന്നു, കീവിൽ നിന്നും എല്ലാ ഇന്ത്യക്കാരെയും മാറ്റി- കേന്ദ്രസർക്കാർ

ദില്ലി: റഷ്യ-യുക്രൈൻ യുദ്ധം ഏഴാം ദിവസമായ ഇന്നും ശക്തമായി തന്നെ തുടരുകയാണ്. അതോടൊപ്പം തന്നെ യുദ്ധഭൂമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയും ശക്തമായി തന്നെ പുരോഗമിക്കുകയാണ്. ഇന്നലെ രാവിലെ മുതൽ ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറിൽ 1377 ഇന്ത്യക്കാരെയാണ് യുക്രൈനിൽ നിന്നും നാട്ടിലെത്തിച്ചത് എന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു.

26 വിമാനങ്ങൾകൂടി അടുത്ത മൂന്ന് ദിവസത്തിൽ ഹംഗറി, പോളണ്ട്, റൊമാനിയ , സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാനായി പോകുന്നുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ സി17 വിമാനം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി റൊമാനിയയിൽ എത്തിയിട്ടുണ്ട്. ഓപ്പറേഷൻ ഗംഗ പ്രതീക്ഷിച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നും എല്ലാ ഇന്ത്യക്കാരേയും മാറ്റാൻ സാധിച്ചതായും വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശ്രിഗ്ല പറഞ്ഞു.

അതേസമയം, എംബസിയിലുള്ള അംബാസിഡറും മറ്റു നയതന്ത്ര ഉദ്യോഗസ്ഥരും പടിഞ്ഞാറൻ യുക്രെയ്‌നിലേക്ക് മാറുകയാണെന്നാണ് വിവരം. താൽക്കാലികമായി എംബസി ലിവിവീലേക്ക് മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ സംഘർഷം അതിരൂക്ഷമായി തുടരുന്ന ഖാർകീവിലെ ഒഴിപ്പിക്കൽ നടപടികൾക്കാണ് കൂടുതൽ ശ്രദ്ധ ഇപ്പോൾ ഇന്ത്യ നൽകിയിരിക്കുന്നത്.

Related Articles

Latest Articles