Saturday, May 4, 2024
spot_img

“ഓപ്പറേഷന്‍ റെയ്ഞ്ചര്‍” തകര്‍ക്കുന്നു; ഗുണ്ടാ കേന്ദ്രങ്ങളില്‍ വ്യാപക റെയ്‌ഡ്; നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തു

തൃശൂര്‍: തൃശൂരിലെ ഗുണ്ടാ കേന്ദ്രങ്ങളില്‍ വ്യാപക റെയ്‌ഡ്. തൃശൂര്‍ എ.സി.പിയുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ റെയ്ഞ്ചര്‍ എന്ന പേരിലാണ് റെയ്‌ഡ് നടക്കുന്നത്.
തൃശൂര്‍‌ സിറ്റി പൊലീസിന് കീഴില്‍ വരുന്ന ഇരുപതോളം സ്റ്റേഷനുകളുടെ പരിധിയിലാണ് റെയ്‌ഡ്. റെയ്ഡില്‍ നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഒമ്പത് ദിവസത്തിനിടെ തൃശൂര്‍ ജില്ലയില്‍ നടന്നത് ഏഴ് കൊലപാതകങ്ങളായിരുന്നു. ഇതേ തുടര്‍ന്നാണ് റെയ്‌ഡിന് പൊലീസ് നിര്‍ബന്ധിതരായത്. ജില്ലയില്‍ ആകെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 158 കൊലപാതകങ്ങളാണ് നടന്നത്. ഇവയില്‍ അമ്പത് ശതമാനത്തിലധികം കേസുകളും സാമൂഹ്യ വിരുദ്ധരും ഗുണ്ടകളും ഉള്‍പ്പെട്ടവയാണെന്ന നിഗമനത്തിലാണ് ഓപ്പറേഷന്‍ റെയ്ഞ്ചര്‍ എന്ന പേരില്‍ പോലീസ് റെയ്ഡ് ആരംഭിച്ചത്. ലഹരി വ്യാപാരവും, വരുമാനം പങ്കിടുന്നതിലെ തര്‍ക്കങ്ങളുമാണ് മിക്ക ആക്രമണങ്ങള്‍ക്കും പിന്നിലെന്ന് പൊലീസ് പറയുന്നു. പൊലീസ് ചട്ടങ്ങളും നിയമങ്ങളും കാലത്തിനൊത്ത് പരിഷ്‌കരിക്കാത്തത് ഗുണ്ടകള്‍ക്ക് അവസരമൊരുക്കുന്നുവെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

335 ഒളിത്താവളങ്ങളിലാണ് സംഘം റെയ്ഡ് നടത്തിയത്. 592 കുറ്റവാളികൾ പരിശോധനക്ക് വിധേയമായി. ഇതിൽ 105 പേര്‍ക്കെതിരെ ക്രിമിനല്‍ചട്ടപ്രകാരം കരുതല്‍ നടപടിക്ക് ശുപാര്‍ശ ചെയ്തു. രണ്ട് പേര്‍ക്കെതിരെ കാപ്പ നിയമപ്രകാരവും നടപടിക്ക് ശുപാര്‍ശ ചെയ്തു. അതേസമയം 40 പുതിയ റൗഡി ഹിസ്റ്ററി ഷീറ്റുകള്‍ ആരംഭിച്ചു.

Related Articles

Latest Articles