തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിനെതിരെ വൻ പ്രതിഷേധവുമായി പ്രതിപക്ഷം.സ്പീക്കറുടെ ഓഫീസിന് മുന്നിൽ യുഡിഎഫ് എംഎൽഎമാർ സത്യാഗ്രഹം ആരംഭിച്ചു. സ്പീക്കർ നീതി പാലിക്കുകയെന്ന ബാനറുമായാണ് പ്രതിപക്ഷം പ്രതിഷേധവുമായെത്തിയത്.സ്പീക്കറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നായിരുന്നു പ്രതിഷേധം.അതിനിടെ വാച്ച് ആന്റ് വാർഡ് അംഗങ്ങൾ സ്ഥലത്തെത്തി ഇവരെ നീക്കാൻ ശ്രമിച്ചു.ബലപ്രയോഗത്തിനിടയിലാണ് യുഡിഎഫ് എംഎൽഎ സനീഷ് കുമാർ ജോസഫ് ബോധം കെട്ട് വീണത്. ഇദ്ദേഹത്തെ ഉടൻ തന്നെ വാച്ച് ആന്റ് വാർഡ് അംഗങ്ങൾ പ്രതിഷേധം നടന്ന സ്ഥലത്ത് നിന്ന് മാറ്റി ആശുപത്രിയിലെത്തിച്ചു.
ഡോക്ടർമാർ സനീഷ് കുമാറിനെ പരിശോധിക്കുകയാണ്.അതേസമയം എംഎൽഎയെ വാച്ച് ആന്റ് വാർഡ് കൈയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു.സ്പീക്കർക്ക് എതിരെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി. പിണറായിയുടെ വാല്യക്കാരനാകുന്നുവെന്ന് സ്പീക്കറെ പ്രതിപക്ഷം വിമർശിച്ചു. സ്ത്രീ സുരക്ഷ സംബന്ധിച്ച് ഉമതോമസിന്റെ അടിയന്തിര പ്രമേയം ചർച്ചക്കെടുക്കാത്തതാണ് പ്രതിഷേധങ്ങൾക്കുള്ള പ്രധാന കാരണം.

