Tuesday, May 14, 2024
spot_img

അപകടസ്ഥലത്ത് നിമിഷം വൈകാതെ പാഞ്ഞെത്തി; തീയണക്കാനുള്ള ശ്രമത്തിനിടെ കോൺഗ്രീറ്റ് ഭാഗം തകർന്നു വീണ് ദാരുണാന്ത്യം സംഭവിച്ച ഫയർമാൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും; ഞെട്ടലിൽ നിന്ന് മുക്തരാകാതെ സഹപ്രവർത്തകർ

തിരുവനന്തപുരം: കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഗോഡൗണിൽ ഉണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിനിടെ മരണമടഞ്ഞ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും. ഇതിനായി കണ്ണാശുപത്രി അധികൃതർ തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തി. ഫയർഫോഴ്‌സ് തിരുവനന്തപുരം ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥനാണ് രഞ്ജിത്ത്. ആറ്റിങ്ങൽ സ്വദേശിയാണ്. 32 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെയുണ്ടായ തീപിടിത്തത്തിന്റെ അറിയിപ്പ് ലഭിച്ചയുടൻ ചാക്ക യൂണിറ്റിലെ ഫയർഫോഴ്‌സ് യൂണിറ്റുകൾ സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. തീയണക്കാനുള്ള ശ്രമത്തിനിടെയാണ് രഞ്ജിത്തിന് അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ ഷട്ടർ കമ്പി ഉപയോഗിച്ച് തുറക്കുന്നതിനിടെ കോൺക്രീറ്റ് ഭാഗം രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

മെഡിക്കൽ സർവീസസ് കോർപറേഷന്റെ രാസവസ്തുക്കളും മരുന്നുകളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ബ്ലീച്ചിങ് പൗഡറിലാണ് ആദ്യം തീപിടിച്ചത് എന്നാണ് പ്രാഥമിക നിഗമനം. രാസവസ്തുക്കൾ മുഴുവനായും കത്തി നശിച്ചു. ഒരു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. അപകടസമയത്ത് സുരക്ഷാ ജീവനക്കാരൻ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. നിലവിൽ തീ പൂർണമായും അണക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും തീയാളാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. പൊലീസ് കമ്മീഷണർ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. മെഡിക്കൽ സർവീസസ് കോർപറേഷൻ എം ഡി അപകടസ്ഥലം സന്ദർശിക്കുന്നു.

Related Articles

Latest Articles