Saturday, May 18, 2024
spot_img

കത്ത് കണ്ടെത്താനാകാതെ ക്രൈം ബ്രാഞ്ച്; പ്രധാന ഫയലുകൾ മുക്കി തെളിവുകൾ നശിപ്പിച്ച് അന്വേഷണം അട്ടിമറിച്ചുവെന്ന് പ്രതിപക്ഷം; നഗരസഭാ നിയമന അഴിമതിക്കേസിൽ പ്രതിഷേധം ഇന്നും ശക്തമാകും

തിരുവനന്തപുരം: കോർപറേഷൻ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഉന്നതർ അന്വേഷണം അട്ടിമറിക്കുന്നതായി സംശയം. മേയർ ആര്യ രാജേന്ദ്രൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെഴുതിയ കത്തിന്റെ ഒറിജിനൽ കണ്ടെത്താനായില്ലെന്ന് കൈമലർത്തുകയാണ് ക്രൈം ബ്രാഞ്ച്. കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ അഭിയപ്രായം. പക്ഷെ അതിന് അവരെ അനുവദിക്കാത്ത വിധം രാഷ്ട്രീയ സമ്മർദ്ദമുണ്ട്. നഗരസഭയിൽ നിന്ന് പ്രധാന ഫയലുകൾ മുക്കിയതായും തെളിവുകൾ നശിപ്പിച്ച് അന്വേഷണം ഏതാണ്ട് അട്ടിമറിച്ചതായും പ്രതിപക്ഷമായ ബിജെപി ആരോപിക്കുന്നു. അതുകൊണ്ട് മേയറുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ സമരം ശക്തമാക്കുമെന്ന് ബിജെപി അറിയിച്ചു. ഇനിയുള്ള ദിവസങ്ങളിൽ നഗരസഭ ഓഫീസ് സംഘർഷ ഭരിതമാകുമെന്നാണ് സൂചനകൾ .

അതേസമയം കോർപറേഷൻ ഓഫീസിൽ നിന്ന് സുപ്രധാന ഫയലുകൾ കാണാതായതായി ആരോപണം. കെട്ടിട നമ്പർ വിഭാഗത്തിലെ 2 ഫയലും മരം മുറിക്കു‍ന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ പരിധിയിൽ വരുന്ന ഒരു ഫയലുമാണു കാണാതായത്. കോർപറേഷനെ പിടിച്ചുലച്ച കെട്ടിട നമ്പർ ക്രമക്കേടുമായി ബന്ധപ്പെട്ടതാണ് ഇതിലൊന്ന്. കോർപറേഷൻ അധികൃതർ മ്യൂസിയം പൊലീസിൽ നൽകിയ പരാതികളിൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. വിഷയം രഹസ്യമായി കൈകാര്യം ചെയ്യുകയാണ്. കോർപറേഷനിൽ, ഒരു വർഷം കുറഞ്ഞത് 20 ഫയലുകൾ അപ്രത്യക്ഷമാകുകയോ അലക്ഷ്യമായി കൈകാര്യം ചെയ്യുകയോ ഉണ്ടെന്നു പരാതിയുണ്ട്. എന്നാൽ പൊലീസിൽ അറിയിക്കാതെ, ആഭ്യന്തര അന്വേഷണം നടത്തി ഒതുക്കുകയാണു പതിവ്. വിജിലൻസ് അന്വേഷണം വരുമെന്ന ഘട്ടത്തിലാണു ഫയലുകൾ ‘കാണാതാകുന്ന’ത്. കരാറുകാരുടെ ബില്ലുകൾ പാസാക്കുന്ന ഘട്ടത്തിലും ചില ഫയലുകൾ ‘മുക്കാറുണ്ട്’.

Related Articles

Latest Articles