Thursday, October 1, 2026

തുർക്കി സ്ഫോടനത്തിന് പിന്നിൽ ഹിജാബ് ധരിച്ചെത്തിയ വനിത; തിരക്കേറിയ തെരുവിൽ സ്‌ഫോടക വസ്തുക്കളടങ്ങിയ ബാഗ് ഉപേക്ഷിച്ചു കടന്നുകളയുന്ന വനിതയെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം; ആറുപേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിൽ വിറങ്ങലിച്ച് നഗരം

ഇസ്‌താംബൂൾ: തുർക്കിയിലെ ഇസ്‌താംബൂളിൽ ഇന്നലെ നടന്ന സ്ഫോടനത്തിന് പിന്നിൽ ഹിജാബ് ധരിച്ചെത്തിയ വനിതയെന്ന് സൂചന. തിരക്കേറിയ കച്ചവട തെരുവിൽ സ്‌ഫോടക വസ്തുക്കളടങ്ങിയ ബാഗ് ഉപേക്ഷിച്ച് കടന്നുകളയുന്ന വനിതയെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. അക്രമിയെ പോലീസ് പിടികൂടിയതായി സൂചനയുണ്ട്. ഷോപ്പിംഗ് സ്ട്രീറ്റായ ഇസ്തിക്കാലില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ആറുപേർ മരിക്കുകയും 53 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍ പറഞ്ഞു. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നുവെന്നും സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

തുര്‍ക്കി പ്രാദേശിക സമയം ഞായറാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ഇതിന് തൊട്ടുപിന്നാലെ പൊലീസ് പ്രദേശം വളഞ്ഞിരുന്നു. നഗരത്തില്‍ പൊലീസ് ഇപ്പോഴും പട്രോളിംഗ് നടത്തുന്നുണ്ട്. സ്‌ഫോടന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചു. വലിയ ശബ്ദവും തീജ്വാലയും സ്‌ഫോടനത്തോടൊപ്പം ഉണ്ടാകുന്നതും ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും വീഡിയോയില്‍ കാണാം. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെമ്പാടും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles