Thursday, January 8, 2026

ഹിതപരിശോധന, ഉടമസ്ഥാവകാശം എന്നിവ ഭൂരിപക്ഷം നോക്കി തീരുമാനിക്കും; സഭാ തര്‍ക്കം പരിഹരിക്കാന്‍ കരട് ബില്‍, സഭകൾ ഉല്‍ക്കണ്ഠയിൽ | Orthodox

കൊച്ചി: യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കം പരിഹരിക്കാന്‍ ജസ്റ്റിസ് കെ.ടി. തോമസിന്റെ അധ്യക്ഷതയിലുള്ള സംസ്ഥാന നിയമ പരിഷ്‌കരണ കമ്മിഷന്‍ കരട് ബില്‍ തയാറാക്കി. ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ പള്ളിയില്‍ ഭൂരിപക്ഷം ആര്‍ക്കെന്നു നോക്കി ഉടമസ്ഥാവകാശം തീരുമാനിക്കണമെന്നാണ് കരടുബില്ലിലെ പ്രധാന വ്യവസ്ഥ. ഭൂരിപക്ഷം നിശ്ചയിക്കാന്‍ ഹിതപരിശോധന (റഫറണ്ടം) നടത്തണമെന്നും മലങ്കര പള്ളികളുടെ ഉടമസ്ഥാവകാശവും വിശ്വാസവും സംരക്ഷിക്കാനുള്ള ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ബില്ലിന്റെ കരടിലെ ഉള്ളളടക്കത്തെക്കുറിച്ച് ഓര്‍ത്തഡോക്‌സ് സഭ ഉത്ക്കണ്ഠ രേഖപ്പെടുത്തി. ഭരണഘടനയോടും ജുഡീഷ്യറിയോടുമുള്ള വെല്ലുവിളി എന്ന രീതിയിലാണ് അവരുടെ യോഗം ബില്ലിനെ വിലയിരുത്തിയത്. നിലവില്‍ കരടുബില്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ബില്‍ ഓര്‍ഡിനന്‍സായി പുറത്തിറക്കുമോ എന്ന കാര്യം സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, വിഷയം ഇന്നലെ മന്ത്രിസഭായോഗം വിഷയം പരിഗണിച്ചതായാണു സൂചന. പള്ളികളില്‍ ക്രമസമാധാനപ്രശ്‌നം ഒഴിവാക്കാന്‍ ഇടക്കാല തീരുമാനം ആവശ്യമാണെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് എല്ലാ മന്ത്രിമാരും യോജിച്ചു.

സുപ്രീം കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗങ്ങള്‍ ഉള്‍പ്പെട്ട അതോറിറ്റിയാണ് റഫറണ്ടം നടത്തേണ്ടതെന്നു കരട്ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. അതോറിറ്റിയില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭകളിലെ ഓരോ അംഗങ്ങള്‍ ഉണ്ടാകണം. സഭകള്‍ അതോറിറ്റിയിലേക്ക് നിയമിക്കേണ്ടവരുടെ പട്ടിക കൈമാറിയില്ലെങ്കില്‍ സര്‍ക്കാരിനു നേരിട്ടു നിയമിക്കാം. അതോറിറ്റി എടുക്കുന്ന തീരുമാനം ഒരോ വിശ്വാസിക്കും ബാധകമാണ്.

ഉടമസ്ഥാവകാശം സംബന്ധിച്ച പരാതിയുയര്‍ന്നാല്‍ പള്ളിയില്‍ തങ്ങള്‍ക്കാണു ഭൂരിപക്ഷമെന്നു വ്യക്തമാക്കി സഭാ വിശ്വാസികള്‍ക്കു ജില്ലാ മജിസ്‌ട്രേറ്റിനു കത്തു നല്‍കാം. . റഫറണ്ടം കഴിയുന്നതുവരെ പള്ളികളില്‍നിന്ന് ആരെയും ഒഴിപ്പിക്കരുത്.2017-ലെ സുപ്രീം കോടതി വിധി അനുസരിച്ച് 1934-ലെ സഭാ ഭരണഘടന പ്രകാരമാണു പള്ളികളില്‍ ഭരണം നടക്കേണ്ടത്. എന്നാല്‍, സഭാ ഭരണഘടന രജിസ്റ്റര്‍ ചെയ്യപ്പെടാത്ത രേഖ ആയതിനാല്‍, അതുപയോഗിച്ചു പള്ളികളുടെ ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ കഴിയില്ലെന്നു സുപ്രീം കോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നു കരടു ബില്ല് ചൂണ്ടിക്കാട്ടുന്നു.

വിശ്വാസികള്‍ നല്‍കുന്ന പണവും സംഭാവനകളും കൊണ്ടാണു പള്ളികളുടെ ആസ്തികളും സ്ഥലവും വാങ്ങിയത്. 2017-ലെ സുപ്രീം കോടതി വിധിക്കുശേഷവും യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്കിടയില്‍ തര്‍ക്കം തുടരുകയാണ്. ആചാരങ്ങള്‍ സംബന്ധിച്ച തര്‍ക്കവും തുടരുന്നു. ഇതു ഗുരുതരമായ ക്രമസമാധാന പ്രശനങ്ങള്‍ക്കു വഴിവയ്ക്കുകയാണെന്നും ബില്ലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടാണ് സഭാതര്‍ക്കം പരിഹരിക്കാനുള്ള കരട് ബില്ല് നിയമപരിഷ്‌കരണ കമ്മിഷന്‍ തയാറാക്കിയതെന്നു സൂചനയുണ്ട്. കരട് ബില്ലിന്റെ അടിസ്ഥാനത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കണമോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം സാധ്യമല്ലെന്ന നിലപാട് സ്വീകരിക്കുമ്പോള്‍ സഭാ തര്‍ക്കത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നതു കൂടുതല്‍ തിരിച്ചടിയാകുമോ എന്നതു വിലയിരുത്തിയശേഷമാകും സര്‍ക്കാരിന്റെ തീരുമാനം.

Related Articles

Latest Articles