കോയമ്പത്തൂർ, മംഗളൂരു സ്‌ഫോടനങ്ങളിൽ ദക്ഷിണേന്ത്യയിലെ ഇസ്ലാമിക ഭീകരർക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി ഐഎസിന്റെ മുഖപത്രം. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ പ്രവിശ്യയുടെ മീഡിയ ഫൗണ്ടേഷനായ അൽ-അസൈമാണ് ‘വോയ്‌സ് ഓഫ് ഖൊറാസൻ’ എന്ന മുഖപത്രത്തിൽ 68 പേജിലായി ഈ കാര്യം വിവരിച്ചിരിക്കുന്നത്.
കോയമ്പത്തൂർ സ്‌ഫോടനത്തിനും മംഗളൂരു സ്‌ഫോടനത്തിനും പിന്നിൽ ദക്ഷിണേന്ത്യയിലെ ഭീകരർക്ക് പ്രധാന പങ്കുണ്ടെന്ന് മുഖപത്രത്തിൽ വ്യക്തമാക്കുന്നുണ്ട് . കഴിഞ്ഞ വർഷം ഒക്ടോബർ 23നാണ് കോയമ്പത്തൂരിൽ കാർ സ്ഫോടനം നടന്നത്. മംഗളൂരുവിലെ ഓട്ടോറിക്ഷയിൽ വച്ചുനടന്ന പ്രഷർ കുക്കർ ബോംബ് സ്ഫോടനം നവംബർ 19നാണ് നടന്നത് ഈ രണ്ട് ഭീകരാക്രമണങ്ങൾക്കും ഐഎസ് ബന്ധമുള്ള തീവ്രവാദികളാണെന്ന് മുഖപത്രത്തിൽ പരാമർശിക്കുന്നുണ്ട് .
”കോയമ്പത്തൂർ, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നടത്തിയ ഞങ്ങളുടെ ആക്രമണങ്ങൾ നോക്കൂ.. അവിടെ നമ്മുടെ സഹോദരങ്ങൾ നമ്മുടെ മതത്തിന്റെ മഹത്വത്തിന് വേണ്ടി പ്രതികാരം ചെയ്യുകയും കുഫാറിനെ ഭയപ്പെടുത്തുകയും ചെയ്തു.” ഇതായിരുന്നു അവരുടെ മുഖപത്രത്തിൽ പറഞ്ഞിരിക്കുന്നത്.
എന്നാൽ ദക്ഷിണേന്ത്യയിലെ ഏത് സംസ്ഥാനത്താണ് തങ്ങളുടെ ‘മുജാഹിദീനുകൾ’ സജീവമായിട്ടുള്ളതെന്ന് അവർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഭീകരർ കൂടുതലും കേരളത്തിലാണെന്നും അവർ തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും വ്യാപിക്കാൻ തുടങ്ങിയിട്ടുണ്ടെന്നുമുള്ള വിലയിരുത്തലുകളാണ് ഉയരുന്നത്.

