Monday, December 22, 2025

അമിതവേഗത!;നിയന്ത്രണം വിട്ട കോൺക്രീറ്റ് മിക്സർ സ്വകാര്യ ബസിന് മുകളിലേക്ക് മറിഞ്ഞു;14 പേർക്ക് പരിക്ക്

കൈപ്പട്ടുർ: അമിതവേഗതയിൽ വന്ന കോൺക്രീറ്റ് മിക്സർ നിയന്ത്രണം വിട്ട് സ്വകാര്യ ബസിന് മുകളിലേക്ക് മറിഞ്ഞു.അപകടത്തിൽ 14 പേർക്ക് പരിക്ക്.കോൺക്രീറ്റ് മിക്സർ വാഹനത്തിന്റെ ഡ്രൈവർ, ബസിൽ യാത്ര ചെയ്തിരുന്ന വയോധിക എന്നിവർക്ക് തലയ്ക്ക് പരിക്കുണ്ട്. ബാക്കിയുള്ളവർക്ക് നിസാര പരിക്കാണുള്ളത്.

രാവിലെ 10.15 ന് കൈപ്പട്ടൂർ ഗവ. വി.എച്ച്.എസ്.എസ് സ്‌കൂളിന് മുന്നിലായിരുന്നു അപകടം നടന്നത്. പത്തനംതിട്ടയിൽ നിന്ന് അടൂരിലേക്ക് പോയ യൂണിയൻ ബസിന് മുകളിലേക്ക് അടൂർ ഭാഗത്ത് നിന്നും വന്ന മിക്സർ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വാഹനത്തിന് അമിതവേഗമായിരുന്നുവെന്ന് വ്യക്തമാണ്. മുന്നിൽ വലതു ഭാഗത്തെ ടയർ തെന്നിയാണ് ബസിന് മുകളിലേക്ക് മിക്സർ വാഹനം മറിഞ്ഞത്. വാഹനം വന്ന് പതിച്ചതിന്റെ ആഘാതത്തിൽ ബസ് ഒരു വശത്തേക്ക് മറിഞ്ഞു.

ഓടിക്കുടിയ നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്ന് പരുക്കേറ്റവരെ ആംബുലൻസിലും ഓട്ടോറിക്ഷകളിലുമൊക്കെയായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട-അടൂർ റൂട്ടിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ വഴി തിരിച്ചു വിട്ടു. ബസിന്റെ ഡീസൽ ടാങ്കിന് ചോർച്ചയുണ്ടായിരുന്നത് ഫയർ ഫോഴ്സ് നിയന്ത്രിച്ചു.

Related Articles

Latest Articles