Sunday, December 28, 2025

പളനിയപ്പന്‍റെ തിഹാര്‍ ദിനങ്ങള്‍: അസ്വസ്ഥനായി ആദ്യ ദിനം

ദില്ലി: ഐ എന്‍ എക്സ് മീഡിയാ അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം തിഹാര്‍ ജയിലിലെ തന്‍റെ ആദ്യ രാത്രി ചെലവഴിച്ചത് അസ്വസ്ഥവാനായെന്ന് റിപ്പോര്‍ട്ട്. എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പെടുന്നവരെ സൂക്ഷിക്കുന്ന ഏഴാം നമ്പര്‍ ജയിലാണ് ചിദംബരത്തിന് നല്‍കിയിരിക്കുന്നത്. മുന്‍കേന്ദ്രമന്ത്രിയെന്ന നിലയില്‍ ഇസഡ് പ്ലസ് സുരക്ഷയുണ്ടെങ്കിലും ജയിലില്‍ സാധാരണ തടവുകാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങളല്ലാതെ വി ഐ പി പരിഗണനയൊന്നും ചിദംബരത്തിന് നല്‍കില്ലെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

ഐ എന്‍ എക്സ് കേസില്‍ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്ത ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് ഡല്‍ഹി സി ബി ഐ കോടതി അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് അയച്ചത്. ഈ മാസം 19 വരെ അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടി വരും.

മരുന്നുകളും കണ്ണടയും കൊണ്ടുപോകാന്‍ അനുവദിച്ച സ്‌പെഷ്യല്‍ കോടതി ജഡ്ജി അജയ് കുമാര്‍ കുഹാര്‍ പ്രത്യേക സെല്‍, ബെഡ്, ബാത്ത്‌റൂം തുടങ്ങിയവ വേണമെന്ന ചിദംബരത്തിന്‍റെ ആവശ്യവും അംഗീകരിച്ചു.

സെല്ലിന് പുറത്ത് നടക്കാനും മറ്റ് തടവുകാരോട് സംസാരിക്കാനും അദ്ദേഹത്തിന് അനുവാദമുണ്ട്. പശ്ചാത്യ രീതിയിലുള്ള ടോയ്ലറ്റ് സംവിധാനവും ചിദംബരം ആവശ്യപ്പെട്ടത് അനുസരിച്ച് ജയിലില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ജയിലിലെ ലൈബ്രറി ഉപയോഗിക്കാനും നിശ്ചിത സമയത്ത് ടെലിവിഷന്‍ കാണാനും ചിദംബരത്തിന് സാധിക്കും. സെല്ലില്‍ ഒരു ന്യൂസ് പേപ്പറുകളും ലഭിക്കും. ജയിലിലെ ശുദ്ധീകരണ ശാലയില്‍ തയ്യാറാക്കിയ വെള്ളമോ പണം കൊടുത്ത് വാങ്ങാവുന്ന ബോട്ടില്‍ വെള്ളമോ അദ്ദേഹത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.പി ചിദംബരത്തെ ഐ എന്‍ എക്സ് മീഡിയാ അഴിമതി കേസിലാണ് ഇ.ഡി അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles