ദില്ലി: പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ പിടിയില്‍. വ്യോമസേനാ ജവാന്‍ ദേവേന്ദ്ര ശര്‍മ്മയാണ് അറസ്റ്റിലായത്. ഇയാളെ കുറിച്ച് രഹസ്യ വിവരങ്ങള്‍ ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ദില്ലി പോലീസ് ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്.
തന്ത്രപ്രധാനമായ വ്യോമസേന വിവരങ്ങള്‍ ചോര്‍ത്തിയതായി പോലീസ് കണ്ടെത്തി. ഇയാളിൽ നിന്നും ഹണി ട്രാപ്പ് വഴിയാണ് ഐഎസ്‌ഐ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്. ഫേസ്ബുക്കിലുടെ പരിചയപ്പെട്ട ഒരു യുവതി ഇയാളുമായി സൗഹൃദം സ്ഥാപിച്ച് വ്യോമസേനയെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയായിരുന്ന.
കൂടാതെ ദേവേന്ദ്ര ശര്‍മയുടെ സംശയാസ്പദമായ ബാങ്ക് രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നടന്ന നിരവധി ഇടപാടുകളില്‍ അന്വേഷണ സംഘത്തിന് സംശയമുണ്ട്. വ്യോമസേനയുടെ നീക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളോ, ആയുധങ്ങളെ സംബന്ധിച്ച വിവരങ്ങളോ ചോര്‍ന്നിട്ടുണ്ടോയെന്നും അന്വേഷണം സംഘം പരിശോധിക്കുന്നുണ്ട്.

