Monday, October 12, 2026

വേദിയിൽ നിന്ന് പെണ്‍കുട്ടിയെ അപമാനിച്ചു ഇറക്കി വിട്ട സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

മലപ്പുറം: മദ്രസയിലെ പുരസ്കാര വേദിയിൽ നിന്ന് പെണ്‍കുട്ടിയെ അപമാനിച്ചു ഇറക്കി വിട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. കേസിൽ ബാലാവകാശ കമ്മീഷന് സമസ്ത സെക്രട്ടറി വിശദീകരണം നൽകണം. പെരിന്തൽമണ്ണ എസ്.എച്.ഒ, ജില്ലാ ചൈൽഡ് പ്രോട്ടക്ഷൻ ഓഫീസർ എന്നിവരോടും ബാലാവകാശ കമ്മീഷൻ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ വിമ‍ര്‍ശനവുമായി നേരത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു, വനിതാ കമ്മീഷൻ അധ്യക്ഷൻ പി.സതീദേവി എന്നിവര്‍ രംഗത്തെത്തിയിരുന്നു. പെരിന്തൽമണ്ണയിൽ സമസ്ത വൈസ് പ്രസിഡന്‍റ് എം.ടി.അബ്ദുള്ള മുസ്ലിയാർ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പുരസ്കാരം നൽകാൻ വേദിയിൽ വിളിച്ചു വരുത്തി അപമാനിച്ചത് കുറ്റകരമാണെന്ന് വ്യക്തമാക്കിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രൂക്ഷമായി വിമർശനമുന്നയിച്ചത്.

കേരളം പോലുള്ള ഇത്രയും വിദ്യാഭ്യാസപരമായി മുന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനത്ത് പെൺകുട്ടികളെ വീട്ടകങ്ങളിൽ തളയ്ക്കാനാണ് ശ്രമം. രാഷ്ട്രീയ നേതാക്കൾ ഇക്കാര്യത്തിൽ പുലര്‍ത്തുന്ന കുറ്റകരമായ മൗനം വെടിയണം. ഹിജാബ് വിവാദമടക്കം ഉയർത്തി ഇസ്ലാമോഫോബിയ വളർത്തുന്നവരാണ് പെൺകുട്ടിയെ അപമാനിച്ചതെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Related Articles

Latest Articles