അമൃത്സർ: ആയുധക്കടത്തും ലഹരിക്കടത്തും ലക്ഷ്യമിട്ട് അതിർത്തികടന്ന പാക് ഡ്രോൺ തുടർച്ചയായി നാലാം ദിവസവും വെടിവെച്ചിട്ട് ബി എസ് എഫ്. സംഭവത്തെ തുടർന്ന് അതിർത്തിയിൽ കനത്ത ജാഗ്രതയും തിരച്ചിലും തുടരുന്നു. കശ്‌മീർ അതിർത്തി വഴി കള്ളക്കടത്ത് ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് പാകിസ്ഥാൻ തീവ്രവാദി സംഘങ്ങൾ പഞ്ചാബ് അതിർത്തിവഴി ഇത്തരം പ്രവർത്തനങ്ങൾ വർധിപ്പിച്ചതെന്ന് ഇന്ത്യ വിലയിരുത്തുന്നു. രാജ്യത്തിനകത്ത് അസ്വസ്ഥതകൾ സൃഷ്ടിക്കാൻ തീവ്രവാദ ഗ്രൂപ്പുകൾക്ക് ധനശേഖരണം നടത്തുന്നതിനായാണ് മാരകമായ മയക്കുമരുന്നുകൾ പാകിസ്ഥാൻ അതിർത്തി കടത്തുന്നത്. ചൈനീസ് നിർമ്മിത ഡ്രോണുകളാണ് ഈ അനധികൃത കടത്തുകൾക്ക് ഉപയോഗിക്കുന്നത്.
ഡ്രോണുകൾ ഇപ്പോൾ പാകിസ്ഥാൻ അതിർത്തിയിൽ വലിയ സുരക്ഷാ ഭീഷണിയാണ്. വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കണ്ണുവെട്ടിക്കാൻ ഡ്രോണുകൾക്ക് കഴിയുന്നു എന്നതാണ് പ്രധാന കാരണം. എന്നാൽ ഡ്രോണുകളെ സുരക്ഷാ സേനകൾ ശക്തമായിത്തന്നെ പ്രതിരോധിക്കുന്നുണ്ട്. ഡ്രോണുകൾ അതിർത്തികടക്കുന്ന സംഭവത്തിൽ ഇന്ത്യ പാകിസ്ഥാനെ ഔദ്യോഗികമായി ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

