Monday, June 17, 2024
spot_img

ഷോപിയാനിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പാക് പൗരന്‍ മുന്ന ലഹോരി

ശ്രീനഗര്‍: ഷോപിയാനില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ച ഭീകരില്‍ ഒരാള്‍ പാക് പൗരനായ ജെയ്‌ഷെ ഭീകരനെന്ന് സൈന്യം. ബിഹാരി എന്ന പേരില്‍ അറിയപ്പെടുന്ന മുന്ന ലഹോരിയാണ് കൊല്ലപ്പെട്ട ഭീകരരില്‍ ഒരാളെന്നാണ് വ്യക്തമായത്.

കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലെ സൂത്രധാരനും കശ്മീരി യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന കൊടുംഭീകരരില്‍ ഒരാളാണ് മുന്ന ലഹോരി. കഴിഞ്ഞ മാസം രണ്ട് ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നില്‍ ഇയാള്‍ ആണെന്നാണ് പോലീസ് പറയുന്നത്.

പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയിലെ അംഗമാണ് ഇയാള്‍. ഐ ഇ ഡി നിര്‍മാണത്തില്‍ വിദഗ്ധനായ ഇയാള്‍ മാര്‍ച്ച് 30, ജൂണ്‍ 17 എന്നീ ദിവസങ്ങളില്‍ സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന കാര്‍ ബോംബ് ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു.

ജൂണിലെ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മുന്നയ്‌ക്കൊപ്പം മറ്റൊരു ഭീകരനെയും സുരക്ഷാസേന വധിച്ചിരുന്നു. ഇയാള്‍ കശ്മീര്‍ സ്വദേശിയാണെന്നാണ് വിവരം.

ഷോപ്പിയാനിലെ ബോന്‍ബസാറിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഭീകകരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ നടത്തുകയായിരുന്നു. ഏറ്റുമുട്ടല്‍ നടന്നയിടത്തുനിന്ന് ആയുധങ്ങളും മറ്റും സേന കണ്ടെടുത്തിട്ടുണ്ട്.

Related Articles

Latest Articles