ട്രെന്റ്ബ്രിജ്∙ ലോകകപ്പ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് തുടക്കത്തിൽ ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 75 റൺസ് എടുക്കുന്നതിനിടെ 5 പ്രമുഖ താരങ്ങളാണ് പുറത്തായത്.
പാക്കിസ്ഥാൻ താരങ്ങൾ വിൻഡീസ് പേസ് ബോളർമാർക്കു മുന്നിൽ പതറുന്ന കാഴ്ചയാണ് തുടക്കം മുതൽ കണ്ടത്. ഒടുവിൽ വിവരം കിട്ടുമ്പോൾ 16 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 75 റണ്‍സ് എന്ന നിലയിലാണ് പാക്കിസ്ഥാൻ.
ഓപ്പണർമാരായ ഇമാം ഉൾ ഹഖ് , ഫഖർ സമാൻ , ഹാരിസ് സൊഹൈൽ , ബാബർ അസം, ഹാരീസ് സൊഹൈൽ, സർഫറാസ് അഹമ്മദ് എന്നിവരാണ് പുറത്തായത്. ഇമാമിനെ ഷെൽഡൻ കോട്രലും ഫഖർ സമാൻ, ഹാരിസ് സൊഹൈൽ എന്നിവരെ ആന്ദ്രെ റസ്സലുമാണ് പുറത്താക്കിയത്. വിൻഡീസിനെതിരെ ഏകദിനത്തിൽ മികച്ച റെക്കോർഡുള്ള ബാബർ അസമിനെ ഒഷെയ്ൻ തോമസ് പുറത്താക്കി.
നേരത്തെ, ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് നായകൻ ജേസൺ ഹോൾഡർ ഫീൽഡിങ് തിരഞ്ഞെടുത്തു. വെസ്റ്റ് ഇൻഡീസിന്റെ ബാറ്റിങ് നിരയും പാക്ക് ബോളർമാരും തമ്മിലുള്ള പോരാട്ടമാകും മൽസരമെന്നാണ് വിലയിരുത്തൽ. പാക്കിസ്ഥാൻ ടീമിൽ ആസിഫ് അലിക്ക് ഇടമില്ല. വിൻഡീസ് നിരയിൽ പരുക്കുള്ള എവിൻ ലൂയിസ്, ഷാനൺ ഗബ്രിയേൽ എന്നിവർക്കൊപ്പം ഫാബിയൻ അലൻ, കെമർ റോച്ച് എന്നിവരും പുറത്തിരിക്കും.







