ദില്ലി: ചൈനീസ് സൈന്യത്തിന്റെ പടിഞ്ഞാറന്, ദക്ഷിണ തിയേറ്റര് കമാന്ഡുകളില് പാകിസ്ഥാന് സൈനിക ഓഫീസര്മാരെ നിയമിക്കുന്നതായാണ് ഇന്റലിജന്സ് റിപ്പോർട്ട്. ചൈനീസ് പീപ്പിള്സ് ലിബറേഷന് ആര്മിയുടെ ആസ്ഥാനത്ത് ഇരു രാജ്യങ്ങളും തമ്മില് രഹസ്യ ചര്ച്ചകളും നീക്കങ്ങളും നടക്കുന്നതായും റിപ്പോര്ട്ടില് വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം ചൈന ജനറൽ വാങ് ഹൈജിയാങ്ങിനെ വെസ്റ്റേൺ തിയറ്റർ കമാൻഡിന്റെ പുതിയ കമാൻഡറായി നിയമിച്ചിരുന്നു. ഈ കമാൻഡിൽ നിന്നുള്ള ചൈനീസ് സൈനികരെ കിഴക്കൻ ലഡാക്ക് മേഖലയിൽ വിന്യസിക്കുന്നതും ചൈന തുടരുകയാണെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. റിപ്പോര്ട്ട് അനുസരിച്ച് പാകിസ്ഥാന് സേനയിലെ കേണല് റാങ്ക് ഓഫീസര്മാരെ ചൈനയുടെ കേന്ദ്ര സൈനിക കമ്മിഷന്റെ ജോയിന്റ് സ്റ്റാഫ് ഡിപ്പാര്ട്ട്മെന്റില് നിയമിച്ചിട്ടുണ്ട്. അറ്റാഷെകളെ കൂടാതെ പാകിസ്ഥാന് സൈന്യത്തിലെ 10 അധിക ഉദ്യോഗസ്ഥരെ വിവിധ പ്രോജക്ടുകള്ക്കായി ബീജിംഗിലെ പാകിസ്ഥാന് എംബസിയില് നിയമിച്ചിട്ടുണ്ട്.
പിഎൽഎക്ക് കീഴിലെ വിവിധ വിഭാഗങ്ങളിലെ പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരുടെ എണ്ണം പല മടങ്ങ് വർദ്ധിച്ചുവെന്നും റിപ്പോർട്ടുണ്ട്. അതേസമയം ദിവസങ്ങൾക്ക് മുൻപ് ഉത്തരാഖണ്ഡിലെ ബരാഹോതി മേഖലയിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യൻ അതിർത്തിയിൽ പ്രവേശിച്ചതായി റിപ്പോർട്ടുകൾ വന്നിരിന്നു. ഓഗസ്റ്റ് 30നായിരുന്നു സംഭവം. നൂറോളം വരുന്ന സൈനികരാണ് അതിർത്തി കടന്നത് എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

