അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്ന് വേട്ട (Drugs Seized). സംഭവത്തിൽ ഒരു പാകിസ്ഥാനി ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിലായി. 400 കോടിയുടെ ലഹരിമരുന്നാണ് ഈ ബോട്ടിൽ നിന്ന് പിടിച്ചെടുത്തത്. തീവ്രവാദ വിരുദ്ധ സേനയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോസ്റ്റ്ഗാർഡുമായി ചേർന്ന് നടത്തിയ ഓപ്പറേഷന്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്.
അതേസമയം സംഭവത്തിൽ പാകിസ്ഥാൻ (Pakistan Natives Arrested) സ്വദേശികളായ ആറ് പേരെ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തിട്ടുണ്ട്. “അൽ ഹുസൈനി” എന്ന പാകിസ്ഥാനി ബോട്ടാണ് പിടിയിലായത്. പിടിച്ചെടുത്ത 77 കിലോ ഹെറോയിന് 400 കോടി വരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നവംബർ 15ന് 120 കിലോ ഹെറോയിനുമായി മറ്റൊരു ബോട്ട് ഗുജറാത്ത് തീരത്ത് നിന്ന് പിടിച്ചെടുത്തിരുന്നു. 11 പേർ ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
എന്നാൽ മുന്ദ്ര തുറമുഖത്ത് 2900 കിലോ ഹെറോയിൻ പിടിച്ചെടുത്തതോടെയാണ് ഹെറോയിൻ കടത്ത് രാജ്യത്തേക്ക് വ്യാപകമാകുന്നതായി വാർത്തകൾ പുറത്ത് വരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഒരു അഫ്ഗാൻ സ്വദേശിയെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ അന്വേഷണം ഇപ്പോഴും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് വീണ്ടും മറ്റൊരു കേസ് കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

