Friday, June 14, 2024
spot_img

തീവ്രവാദികൾക്ക് ആയുധം എത്തിക്കാൻ പാക് ഡ്രോൺ വിമാനം : പഞ്ചാബിൽ കർശന നിരീക്ഷണം

ദില്ലി: തീവ്രവാദികള്‍ക്ക് ആയുധം എത്തിക്കാന്‍ ഉപയോഗിക്കുന്ന പാക് ഡ്രോണ്‍ പഞ്ചാബിലെ അട്ടാരിയില്‍ കണ്ടെത്തി. തീവ്രവാദ കേസില്‍ പ്രതിയായ ആകാശ്ദീപ് എന്നയാളാണ് അട്ടാരിയിലെ പാകിസ്താന്‍ അതിര്‍ത്തി പ്രദേശത്ത് നിന്ന് ഡ്രോണ്‍ പഞ്ചാബ് പോലീസിന് കാണിച്ചുകൊടുത്തത്. പഞ്ചാബില്‍ നിന്ന് നേരത്തെയും ഡ്രോണ്‍ കണ്ടെത്തിയിരുന്നു. സാങ്കേതിക തകരാര്‍മൂലം ഡ്രോണിന് തിരിച്ച്‌ പാകിസ്താനിലേക്ക് പറക്കാന്‍ കഴിഞ്ഞിരുന്നില്ല.

അതിനാല്‍ ഇയാള്‍ ഈ പ്രദേശത്ത് ഡ്രോണ്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ബാല്‍ബീര്‍ സിങ് പ്രതികരിച്ചു. പാകിസ്താന്‍ ഡ്രോണുകള്‍ ഉപയോഗിച്ച്‌ അമൃതസറിലേക്ക് എ.കെ 47 തോക്കുകളും ഗ്രനേഡുകളും എത്തിക്കുന്നതായി പഞ്ചാബ് പോലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ജമ്മു കശ്മീരില്‍ ആക്രമണങ്ങള്‍ നടത്താനാണ് ഈ ആയുധങ്ങള്‍ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പത്ത് ദിവസത്തിനിടെ എട്ട് തവണയാണ് ഈ ഡ്രോണുകള്‍ വഴി ആയുധക്കടത്ത് നടത്തിയതെന്നാണ് വിവരം. അഞ്ച് കിലോ ഭാരം വരെ വഹിക്കാനാകുന്ന ഈ ഡ്രോണുകള്‍ക്ക് താഴ്ന്നും ഉയരത്തിലും പറക്കാനാകുമെന്നും പ്രത്യേകതയാണ്. ആകാശത്തുണ്ടാകുന്ന ഇത്ര ചെറിയ വസ്തുക്കളുടെ ചലനങ്ങള്‍ നിരീക്ഷിക്കാനുള്ള സംവിധാനം തങ്ങളുടെ കൈവശമില്ലെന്നാണ് ബി.എസ്.എഫിന്റെ നിലപാട്.

എന്‍.ഐ.എ ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ സംഭവത്തെ നിരീക്ഷിക്കുന്നുണ്ട്. മുതിര്‍ന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പ്രദേശം സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. ഡ്രോണ്‍ ഉപയോഗം നടന്നപ്പോള്‍ അതിര്‍ത്തിക്ക് സമീപം പ്രവര്‍ത്തിച്ച ഫോണുകള്‍ എന്‍.ടി.ആര്‍.ഒ നിരീക്ഷണത്തിലാണ്.

Related Articles

Latest Articles