Tuesday, November 10, 2026

പാകിസ്ഥാന് ‘വാട്ടർ ഷോക്ക്’; രവി നദിയിലെ വെള്ളവും ഇന്ത്യ തടയും, ഷാപൂർ കണ്ടി അണക്കെട്ട് പൂർത്തിയാകുന്നു

ശ്രീനഗർ: പാകിസ്ഥാനെ കടുത്ത ജലപ്രതിസന്ധിയിലാക്കി രവി നദിയിലെ അധിക ജലം പൂർണ്ണമായും തടയാൻ ഇന്ത്യ ഒരുങ്ങുന്നു. ജമ്മു കശ്മീർ – പഞ്ചാബ് അതിർത്തിയിലെ നിർണ്ണായകമായ ഷാപൂർ കണ്ടി അണക്കെട്ടിന്റെ (Shahpur Kandi Dam) നിർമ്മാണം മാർച്ച് 31-ഓടെ പൂർത്തിയാകും. ഇതോടെ, സിന്ധു നദീജല കരാറിന്റെ പരിധിയിൽ വരാത്തതും ഇന്ത്യയ്ക്ക് പൂർണ്ണ അവകാശമുള്ളതുമായ രവി നദിയിലെ ജലം ഇനി മുതൽ പാകിസ്ഥാനിലേക്ക് ഒഴുകില്ല.

രവി നദിയിൽ നിന്ന് പാകിസ്ഥാനിലേക്കുള്ള അധിക ജലം നിർത്തലാക്കുമെന്ന് ജമ്മു കശ്മീർ ജലവിഭവ മന്ത്രി ജാവേദ് അഹമ്മദ് റാണ വ്യക്തമാക്കിയിട്ടുണ്ട്. കടുത്ത വരൾച്ച നേരിടുന്ന ജമ്മു കശ്മീരിലെ കത്‌വ, സാംബ ജില്ലകൾക്ക് ഈ പദ്ധതി ഒരു ജീവനാഡിയായി മാറും. ഇതിനുപുറമെ, പഞ്ചാബിലെ പത്താൻകോട്ട്, ഗുർദാസ്പൂർ ജില്ലകളിലെ കാർഷിക മേഖലയ്ക്കും ഈ ജലം വലിയ ആശ്വാസമാകും. അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ വെള്ളം കനാലുകൾ വഴി തിരിച്ചുവിടും. ഇത് പഞ്ചാബിലെ 5,000 ഹെക്ടറിലും ജമ്മു കശ്മീരിലെ 32,173 ഹെക്ടറിലും കൃഷി വ്യാപിപ്പിക്കാൻ സഹായിക്കും.

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമാണ് ഈ പദ്ധതി യാഥാർത്ഥ്യമാകുന്നത്. 1979-ൽ വിഭാവനം ചെയ്ത പദ്ധതിക്ക് 1982-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ശിലാസ്ഥാപനം നടത്തിയത്. എന്നാൽ പഞ്ചാബും ജമ്മു കശ്മീരും തമ്മിലുള്ള വിവിധ തർക്കങ്ങൾ കാരണം നിർമ്മാണം ദീർഘകാലം മുടങ്ങിപ്പോയി. 2018-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് തർക്കങ്ങൾ പരിഹരിച്ച് നിർമ്മാണത്തിന് വേഗത കൈവന്നത്. ഏകദേശം 3,394.49 കോടി രൂപയാണ് ഈ ദേശീയ പദ്ധതിക്കായി ചിലവഴിക്കുന്നത്.

ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ കർക്കശമായ നിലപാടിന്റെ ഭാഗം കൂടിയാണ് ഈ നീക്കം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ “രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല” എന്ന നിലപാടിലായിരുന്നു ഇന്ത്യ. ഇതിനെത്തുടർന്ന് സിന്ധു നദീജല കരാറിലെ പങ്കാളിത്തം ഇന്ത്യ താൽക്കാലികമായി നിർത്തിവയ്ക്കുകയും ഷാപൂർ കണ്ടി അണക്കെട്ടിന്റെ നിർമ്മാണം വേഗത്തിലാക്കാൻ തീരുമാനിക്കുകയുമായിരുന്നു. കാർഷിക ജലസേചനത്തിന് പുറമെ 206 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും.

Related Articles

Latest Articles